2.09 ലക്ഷം കമ്പനികളുടെ റജിസ്ട്രേഷൻ കേന്ദ്രസർക്കാർ ഒറ്റയടിക്കു റദ്ദാക്കി

ന്യൂഡൽഹി ∙ ഇന്ത്യയിലെ ചെറുതും വലുതുമായ രണ്ടു ലക്ഷത്തിലധികം കമ്പനികളുടെ റജിസ്ട്രേഷൻ കേന്ദ്ര സർക്കാർ ഒറ്റയടിക്കു റദ്ദാക്കി. പ്രവർത്തന മാനദണ്ഡങ്ങളും മറ്റു നിബന്ധനകളും പാലിക്കുന്നതിൽ വീഴ്ച വരുത്തിയ 2.09 ലക്ഷം (2,09,032) കമ്പനികളുടെ റജിസ്ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. ഈ കമ്പനികളുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കാനും കേന്ദ്ര സർക്കാർ നീക്കമാരംഭിച്ചു.

പേരിൽമാത്രം പ്രവർത്തിച്ചു ഹവാല പണമിടപാടും നിയമവിരുദ്ധ വിദേശനാണയ കൈമാറ്റവും നടത്തുന്ന കടലാസ് കമ്പനികൾക്കെതിരെ സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമാണ് റജിസ്ട്രേഷൻ റദ്ദാക്കിയ നീക്കമെന്നാണ് റിപ്പോർട്ട്. നിയമവിരുദ്ധമായ പണമിടപാടുകളിലൂടെ സാമ്പത്തിക തട്ടിപ്പു നടത്തുന്നവയെന്നു സംശയിക്കുന്ന കമ്പനികളുടെ റജിസ്ട്രേഷനാണ് റദ്ദാക്കിയത്. റജിസ്ട്രേഷൻ റദ്ദാക്കുന്നതിനു മുന്നോടിയായി ഈ കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നുവെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചിരുന്നില്ല.

റജിസ്ട്രേഷൻ റദ്ദാക്കപ്പെട്ട കമ്പനികളുടെ ഡയറക്ടർമാർക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ കമ്പനികളുടെ പേരിൽ സാമ്പത്തിക ഇടപാടുകൾ നടത്താൻ സാധിക്കില്ല. റജിസ്ട്രേഷൻ റദ്ദാക്കപ്പട്ട കമ്പനികൾ നിയമാനുസൃതമായി വീണ്ടും റജിസ്റ്റർ ചെയ്യേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു. അതിനുശേഷം മാത്രമെ ഇവർക്ക് സാമ്പത്തിക ഇടപാടുകൾ തുടരാനാകൂ. കമ്പനികളുടെ റജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിയമത്തിലെ സെക്ഷൻ 248 (5) അനുസരിച്ചാണ് കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചത്. ദീർഘകാലമായി പ്രവർത്തനരഹിതമായി കിടക്കുന്ന കമ്പനികൾ ഉൾപ്പെടെയുള്ളവയുടെ റജിസ്ട്രേഷൻ റദ്ദാക്കാൻ സർക്കാരിന് അവകാശം നൽകുന്നതാണ് ഈ നിയമം.

റജിസ്ട്രേഷൻ റദ്ദാക്കപ്പെട്ട കമ്പനികളുടെ അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും അടിയന്തരമായി മരവിപ്പിക്കാൻ കേന്ദ്ര ധനകാര്യ വകുപ്പ് ഇന്ത്യൻ ബാങ്ക് അസോസിയേഷൻ മുഖേന ബാങ്കുകൾക്കു നിർദ്ദേശം നൽകി. ഇത്തരം കമ്പനികളുമായുള്ള സാമ്പത്തിക ഇടപാടിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്താനും കേന്ദ്ര സർക്കാർ ബാങ്കുകളോട് ആവശ്യപ്പെട്ടു.