കുടിച്ചിട്ടുണ്ടോയെന്ന പരിശോധന ഒഴിവാക്കി; എയർ ഇന്ത്യ പൈലറ്റുമാർക്കെതിരെ നടപടി

മുംബൈ∙ മദ്യപിച്ചിട്ടുണ്ടോയെന്ന നിർബന്ധിത പരിശോധന ഒഴിവാക്കിയതിന്റെ പേരിൽ 130 എയർ ഇന്ത്യ പൈലറ്റുമാർക്കും 430 ക്യാബിൻ ക്രൂ അംഗങ്ങൾക്കുമെതിരെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) നടപടി. വിമാനത്തിൽ കയറുന്നതിനു മുൻപും ഇറങ്ങുമ്പോഴും മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന നിർബന്ധമായും നടത്തണമെന്നാണ് ചട്ടം. കുറച്ചു നാളുകളായി ചില പൈലറ്റുമാരും ജീവനക്കാരും ഇവ ഒഴിവാക്കിയിരുന്നു. ഇവരെ ഗ്രൗണ്ട് സ്റ്റാഫ് ഗണത്തിലേക്കു മാറ്റിയേക്കുമെന്ന് ഡിജിസിഎ വൃത്തങ്ങൾ അറിയിച്ചു.

സിംഗപ്പൂർ, കുവൈത്ത്, ബാങ്കോക്ക്, അഹമ്മദാബാദ്, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാനത്തിലെ ജീവനക്കാരാണ് ബ്രെത് അനലൈസർ പരിശോധന ഒഴിവാക്കിയിരുന്നത്. സുരക്ഷാ നിർദേശങ്ങളിലെ ലംഘനം സംബന്ധിച്ച് എയർ ഇന്ത്യാ മാനേജ്മെന്റിന് ഡിജിസിഎ മുന്നറിയിപ്പു നൽകിയിരുന്നതാണ്. അതേസമയം, വിഷയത്തിൽ എയർ ഇന്ത്യ വക്താവ് ഇമെയിലിലൂടെ പ്രതികരിക്കാൻ വിസമ്മതിച്ചു. വിമാനയാത്രയുടെ 12 മണിക്കൂർ മുൻപു വരെ മദ്യപിക്കരുതെന്നാണ് ചട്ടം.