അവധി ദിനങ്ങളുടെ മറവിൽ മൂന്നാറിലെ ലൗ ഡെയ്ൽ റിസോർട്ട് ഭൂമാഫിയ വീണ്ടും കയ്യേറി

മൂന്നാർ∙ ഹൈക്കോടതി സർക്കാരിനോട് ഏറ്റെടുക്കാൻ നിർദേശിച്ച മൂന്നാറിലെ ലൗ ഡെയ്ൽ റിസോർട്ട് ഭൂമാഫിയ വീണ്ടും കയ്യേറി. അവധി ദിനങ്ങളുടെ മറവിൽ റിസോർട്ടിന്റെ അറ്റകുറ്റപണികൾ നടത്തി വാതിലുകൾ സ്ഥാപിച്ചു. റിസോർട്ടിന്റെ മുൻവശം പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ചു മറച്ചായിരുന്നു നിർമാണ പ്രവർത്തനങ്ങൾ.

മൂന്നാറിൽ സിപിഐ ഓഫിസിനു സമീപമുള്ള ലൗവ് ഡെയ്ൽ റിസോർട്ട് ഏറ്റെടുക്കാൻ രണ്ടു മാസം മുൻപാണു ഹൈക്കോടതി ഉത്തരവിട്ടത്. പാട്ടക്കാലാവധി അവസാനിച്ചിട്ടും റിസോർട്ടും 22 സെന്റ് സർക്കാർ ഭൂമിയും ഉടമ അനധികൃതമായി കൈവശം വച്ചെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സ്ഥലം തന്റെ സ്വന്തമാണെന്ന ഭൂമി കൈവശപ്പെടുത്തിയ വി.വി. ജോർജിന്റെ അവകാശവാദവും കോടതി തള്ളി. തൊട്ടടുത്ത ദിവസം ഉത്തരവു നടപ്പിലാക്കാൻ എത്തിയ റവന്യൂ ഉദ്യോഗസ്ഥരെ റിസോർട്ട് ഉടമയും കോൺഗ്രസ് നേതാക്കളും ചേർന്നു തടഞ്ഞു. ഇതോടെ സ്ഥലം ഒഴിഞ്ഞു പോകാൻ ഉടമയ്ക്കു മൂന്നു മാസം സാവകാശം നൽകി. റിസോർട്ടിലെ വാതിലും കട്ടിലും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ തൊട്ടടുത്ത ദിവസം തന്നെ ഉടമ നീക്കം ചെയ്തു.

എന്നാൽ ഓണാവധി ദിവസങ്ങളിൽ വാതിലുകൾ പുനഃസ്ഥാപിച്ചു. ശുചിമുറിയിലും അറ്റകുറ്റപണികൾ നടത്തി. റിസോർട്ടിന്റെ മുൻഭാഗം മറച്ച ശേഷമായിരുന്നു നിർമാണം. രഹസ്യവിവരമറിഞ്ഞു റവന്യൂ സ്പെഷൽ സ്ക്വാഡ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നിർമാണം നടന്നതു കണ്ടെത്തി. പരിശോധന സംബന്ധിച്ച റിപ്പോർട്ട് ദേവികുളം സബ്കലക്ടർ മുഖേന കോടതിയെ അറിയിക്കും. റിസോർട്ടും ഭൂമിയും പിടിച്ചെടുക്കാനുള്ള റവന്യൂ വകുപ്പിന്റെ നീക്കം നേരത്തെ പ്രാദേശിക രാഷ്ട്രീയ നേതാക്കൾ സംയുക്തമായി തടഞ്ഞിരുന്നു. ഇതോടെ, മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചു ചേർത്തു. ഇതു വിവാദമായതോടെയാണ് കോടതി വിധി പ്രകാരം നടപടിയെടുക്കാൻ സർക്കാർ തീരുമാനിച്ചത്.