നാലു മാസം മുൻപ് കേരളത്തിൽ എത്തിയ 1000 തോക്കുകൾ എവിടെ ?

കൊച്ചി∙ പ്രഹരശേഷി കൂടിയ 1000 സെമിഓട്ടോമാറ്റിക് കൈത്തോക്കുകൾ (പിസ്റ്റൾ) നാലുമാസം മുൻപു കേരളത്തിലേക്കു കടത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട്. മഹാരാഷ്ട്രാ പൊലീസ് കൈമാറിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മിലിട്ടറി ഇന്റലിജൻസ് വിഭാഗത്തിന്റെ സഹകരണത്തോടെ കേരളത്തിൽ നടത്തിയ തിരച്ചിൽ വിഫലം. ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനകൾക്കും ക്രിമിനൽ സംഘങ്ങൾക്കും തോക്കുകൾ ലഭിച്ചതായി സംശയിക്കുന്നു.

മഹാരാഷ്ട്രാ പൊലീസിന്റെ പിടിയിലായ ബിഹാർ സ്വദേശിയായ ആയുധ ഇടപാടുകാരൻ ദീപക് കുമാർ സാഹയുടെ കൂട്ടാളികൾ കൊച്ചി ബ്രോഡ്‌വേയിലെ ലോഡ്ജിൽ രണ്ടാഴ്ച തങ്ങിയതായും വിവരം ലഭിച്ചു. കള്ളത്തോക്കുകളുമായി ജൂലൈ അവസാനം ന്യൂഡൽഹി പൊലീസിന്റെ പിടിയിലായ എം.മനോവർ, മുഹമ്മദ് ഷാഹിദ് എന്നിവരാണു കൈത്തോക്കുകളുമായി കൊച്ചിയിലെത്തിയതെന്ന വിവരം ഇന്റലിജൻസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലെ കളിപ്പാട്ടനിർമാണ കമ്പനിയുടെ ഏജന്റുമാരെന്ന വ്യാജേനയാണ് ഇവർ എത്തിയത്.

മധ്യപ്രദേശിലെ സാൻധ്വ പ്രദേശത്തെ ആയുധശാലയിൽ നിർമിച്ച തോക്കുകളാണു കേരളത്തിലേക്കു കടത്തിയതെന്നാണു വിവരം. തുർക്കിയിൽ നിന്ന് ഇറക്കുമതി ചെയ്ത ‘ബ്ലാങ്ക് ഗൺ’ (ബുള്ളറ്റ് ഇല്ലാത്ത, തിരകൾ പൊട്ടിക്കാവുന്ന കളിത്തോക്കുകൾ) മധ്യപ്രദേശിലെ അനധികൃത ആയുധനിർമാണ ശാലകളിൽ നിന്നു പിടിച്ചെടുത്തിരുന്നു. സായുധ പരിശീലനം, സിനിമാ ഷൂട്ടിങ് എന്നിവയ്ക്ക് ഉപയോഗിക്കുന്ന ഇത്തരം തോക്കുകളുടെ പ്രഹരശേഷി വർധിപ്പിച്ച് യഥാർഥ കൈത്തോക്കാക്കി മാറ്റി വിൽപന നടത്തുന്നത് ഇവരുടെ രീതിയാണ്.

ജർമൻ, യുഎസ് നിർമിത ബ്ലാങ്ക് ഗണ്ണുകളുടെ ശേഖരം മഹാരാഷ്ട്രാ പൊലീസും പിടിച്ചെടുത്തിരുന്നു. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ അനധികൃത ആയുധ നിർമാതാക്കളുമായി അടുപ്പമുള്ള ഇടനിലക്കാരനാണു കഴിഞ്ഞ ജനുവരിയിൽ അറസ്റ്റിലായ ദീപക് കുമാർ സാഹ.

17 തോക്കുകളുമായി  രണ്ടുപേർ പിടിയിൽ

ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെയും മധ്യപ്രദേശിലെയും ആയുധ ഇടപാടുകാരായ രണ്ടുപേരെ 17 ഓട്ടോമാറ്റിക് പിസ്റ്റളുകളുമായി ന്യൂഡൽഹി പൊലീസ് പിടികൂടി. യുപിയിലെ ഝാൻസി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കൈലാഷിനെ (35) ഏഴു തോക്കുകളുമായും മധ്യപ്രദേശിലെ ധർ നിവാസിയായ മാധവ് റാവലിനെ (25) പത്തു തോക്കുകളുമായുമാണു കഴിഞ്ഞദിവസം പിടികൂടിയത്.