അഴിമതിക്കെതിരെ പ്രസംഗിച്ച് ‘പ്രോത്സാഹിപ്പിച്ച’ യുപി ഉപമുഖ്യമന്ത്രി വിവാദത്തിൽ

ലക്നൗ ∙ അഴിമതിക്കെതിരെ തുറന്ന പോരു നടത്തുന്ന ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിൽ ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ, അഴിമതിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വിവാദത്തിൽ. അഴിമതിയാകാം, അധികമാകരുത് എന്ന തരത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. ലക്നൗവിൽ ഞായറാഴ്ച നടന്ന ചടങ്ങിലാണ് മന്ത്രി വിവാദ പരാമർശം നടത്തിയത്. സമ്പാദിക്കുന്നതിൽ കുഴപ്പമില്ല. ഭക്ഷണത്തിൽ ആവശ്യത്തിന് ഉപ്പു ചേർക്കുന്നതുപോലെ എന്ന അർഥത്തിലായിരുന്നു മന്ത്രിയുടെ പരാമർശം. പ്രസംഗം വിവാദമായതോടെ മന്ത്രിയുടെ വാക്കുകൾ വളച്ചൊടിച്ചെന്ന ആരോപണവുമായി മൗര്യയുടെ അടുപ്പക്കാരും ബിജെപിയും രംഗത്തെത്തി.

പഠനത്തിൽ മികവു തെളിയിച്ച വിദ്യാർഥികളെ അഭിനന്ദിക്കുന്നതിനായി സംഘടിപ്പിച്ച യോഗത്തിലാണ് മന്ത്രിയുടെ നാക്ക് ചെറുതായൊന്നു പിഴച്ചത്. മന്ത്രി ഉദ്ദേശിച്ചതല്ല ആളുകൾ വ്യാഖ്യാനിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, ചെറിയ തോതിൽ അഴിമതിയാകാം എന്ന തരത്തിലുള്ള മന്ത്രിയുടെ പ്രസ്താവന ശ്രോതാക്കൾക്ക് കൗതുകമായി.

കോൺട്രാക്ടർമാർക്കും ഉദ്യോഗസ്ഥർക്കും കടുത്ത ഭാഷയിൽ മുന്നറിയിപ്പു നൽകിക്കൊണ്ടാണ് മന്ത്രി പ്രസംഗം ആരംഭിച്ചത്. ‘സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി വകയിരുത്തിയിരിക്കുന്ന പണത്തിൽനിന്നും കയ്യിട്ടുവാരാൻ യോഗി ആദിത്യനാഥ് നയിക്കുന്ന ബിജെപി സർക്കാർ അനുവദിക്കില്ല. റോഡു നിർമാണത്തിനായി പണം അനുവദിക്കുകയും പിന്നീട് റോഡു നിർമിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകാൻ പാടില്ല. സമ്പാദിക്കുന്നതിൽ തെറ്റില്ല. അതുപക്ഷേ, ഭക്ഷണത്തിൽ ചേർക്കുന്ന ഉപ്പിനേക്കാൾ അധികമാകരുത്’ – ഇതായിരുന്നു മന്ത്രിയുടെ വാക്കുകൾ.

എന്തായാലും മൗര്യയുടെ വാക്കുകൾ വീണുകിട്ടിയ ആയുധമായത് പ്രതിപക്ഷത്തിനാണ്. പുറമെ അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്നുണ്ടെങ്കിലും, യോഗി സർക്കാരിന്റെ ഉള്ളിലിരുപ്പാണ് ഈ പ്രസ്താവനയിലൂടെ പുറത്തുവന്നതെന്ന് കോൺഗ്രസ് വക്താവ് അമർനാഥ് അഗർവാൾ അഭിപ്രായപ്പെട്ടു. മൗര്യ നേതൃത്വം നൽകുന്ന പൊതുമരാമത്ത് വകുപ്പിൽ അഴിമതി തകൃതിയാണെന്നും അദ്ദേഹം ആരോപിച്ചു.

അഖിലേഷ് യാദവ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് പൊതുമരാമത്ത് വകുപ്പു കൈകാര്യം ചെയ്തിരുന്ന ശിവ്പാൽ യാദവും നേരത്തെ സമാനമായ വിവാദത്തിൽ അകപ്പെട്ടിരുന്നു. ‘ജോലി പൂർത്തിയാക്കുകയാണെങ്കിൽ കുറച്ചൊക്കെ കയ്യിട്ടുവാരുന്നതിൽ തെറ്റില്ല. എന്നാൽ, പിടിച്ചുപറിക്കരുത്’– ഇതായിരുന്നു ശിവ്പാലിന്റെ വാക്കുകൾ.