ഭാര്യ സുന്ദരിയല്ല, ഭർത്താവിന്റെ മുത്തലാഖ് സ്പീഡ് പോസ്റ്റിൽ; പൊലീസ് നടപടിക്ക്

Representational image

ജയ്സാൽമെർ∙ ഭാര്യ സുന്ദരിയല്ലെന്നു ചൂണ്ടിക്കാട്ടി ഭർത്താവിന്റെ മുത്തലാഖ് സ്പീഡ് പോസ്റ്റിൽ. യുപി സ്വദേശിയായ മുഹമ്മദ് അർഷാദ് ആണ് രാജസ്ഥാനിലെ ജയ്സാൽമെറിലെ പൊഖ്രാനിൽ മംഗോലയ് ഗ്രാമത്തിൽ മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന ഭാര്യയ്ക്കു വിവാഹമോചന രീതിയായ മുത്തലാഖ് സ്പീഡ് പോസ്റ്റിൽ അയച്ചുകൊടുത്തത്. സെപ്റ്റംബർ ഒന്നിനാണ് ഉർദുവിലുള്ള കത്ത് അയച്ചത്. നിരക്ഷരരായതിനാൽ മറ്റൊരാളാണു കത്തു വായിച്ച് അറിയിച്ചത്.

കല്യാണം കഴിഞ്ഞു രണ്ടര വർഷങ്ങൾക്കുശേഷമാണു വിവാഹമോചനമെന്നു യുവതിയുടെ പിതാവ് ചോട്ടു ഖാൻ അറിയിച്ചു. ഒരുമിച്ചു ജീവിച്ച ആദ്യ കാലത്ത് മുഹമ്മദ് അർഷദിനു ഭാര്യയോടു പ്രശ്നമൊന്നുമില്ലായിരുന്നു. പിന്നീട് അവൾക്കു സൗന്ദര്യമില്ലെന്നു ചൂണ്ടിക്കാട്ടി മർദിക്കാൻ ആരംഭിച്ചു. ഖാൻ പലതവണ ഇടപെട്ടിട്ടും പ്രശ്നപരിഹാരമുണ്ടായില്ല. തുടർന്ന് ഓഗസ്റ്റ് 14ന് അർഷാദ് തപാൽ വഴി മുത്തലാഖ് അയച്ചിരുന്നു. അതും ഉർദുവിലായിരുന്നുവെന്നും പിതാവു കൂട്ടിച്ചേർത്തു.

അതേസമയം, രണ്ടുദിവസങ്ങൾക്കുമുൻപു റജിസ്റ്റർ ചെയ്ത പരാതിയിന്മേൽ നടപടിയെടുക്കുമെന്ന് എസ്പി ഗൗരവ് യാദവ് അറിയിച്ചു. മുസ്‌ലിം വിവാഹമോചന രീതിയായ മുത്തലാഖ് സുപ്രീം കോടതി വിലക്കിയിട്ടും നിയമവിരുദ്ധമായി അതു തുടരുന്നുവെന്നാണ് ഈ സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത്.