കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലി, സോപാനം തൊഴൽ; കടകംപള്ളി വിവാദത്തിൽ

അഷ്ടമിരോഹിണി ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മന്ത്രി കടംകപള്ളി സുരേന്ദ്രൻ ദർശനം നടത്തി.

തൃശൂർ∙ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും വഴിപാടു സമര്‍പ്പണവും വിവാദത്തില്‍. കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലിയും കാണിക്ക സമര്‍പ്പണവും അന്നദാനവും മന്ത്രി നടത്തി. മന്ത്രിയുടെ ക്ഷേത്ര ദർശനത്തെ സ്വാഗതം ചെയ്ത ബിജെപി, വിശ്വാസത്തോടുള്ള സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് പുറത്തുവന്നതെന്നു ആരോപിച്ചു.

ദേവസ്വം മന്ത്രി കൂടിയായ സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ഭക്തിയാണു വിവാദത്തിനു തിരിക്കൊളുത്തിയത്. അഷ്ടമി രോഹിണി ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയ മന്ത്രി ആദ്യം കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലി നടത്തി. പിന്നെ, കാണിക്കയിട്ടു സോപാനം തൊഴുതു. കൈവശമുണ്ടായിരുന്ന ബാക്കി തുക അന്നദാനത്തിനും നല്‍കി. ക്ഷേത്രദര്‍ശനത്തില്‍ ഏറെ സംതൃപ്തിയുണ്ടെന്നു മന്ത്രിതന്നെ പൊതുയോഗത്തില്‍ പിന്നീടു പ്രസംഗിച്ചിരുന്നു. മന്ത്രിയുടെ ഭക്തിയെ ബിജെപിയും സംഘപരിവാര്‍ സംഘടനകളും സ്വാഗതം ചെയ്തു.

മന്ത്രി ജി. സുധാകരന്‍ ദേവസ്വം മന്ത്രിയായിരുന്നപ്പോഴും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനമോ വഴിപാടോ നടത്തിയിരുന്നില്ല. സിപിഎം നേതാക്കള്‍ പൊതുവെ, വിശ്വാസങ്ങളില്‍നിന്ന് അകലം പാലിക്കുമ്പോള്‍ പ്രധാനപ്പെട്ട നേതാവുതന്നെ ക്ഷേത്രദര്‍ശനം നടത്തിയതാണു ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിമരുന്നിട്ടത്.