യുപിയിൽ യമുനാ നദിയില്‍ ബോട്ട് മറിഞ്ഞ് 22 മരണം; രക്ഷാപ്രവർത്തനം തുടരുന്നു

യമുനാ നദിയില്‍ ബോട്ട് മറിഞ്ഞ് അപകടത്തിൽപ്പെട്ടവർക്കായി നാട്ടുകാരും പൊലീസും നടത്തുന്ന രക്ഷാപ്രവർത്തനം. ചിത്രത്തിനു കടപ്പാട്: എഎൻഐ ട്വിറ്റർ

ലക്‌നൗ∙ യമുനാ നദിയില്‍ അധികമാളുകളുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 22 മരണം. ഉത്തർപ്രദേശിലെ ബാഘ്പത് ജില്ലയിൽ വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും റിപ്പോർട്ടുണ്ട്.

ഇതുവരെ 20 മൃതദേഹങ്ങൾ കണ്ടെടുത്തു. 8–9 മൃതദേഹങ്ങൾ കൂടി ലഭിക്കുമെന്നാണ് കരുതുന്നതെന്നു ജില്ലാ മജിസ്ട്രേറ്റ് ഭവാനി സിങ് പറഞ്ഞു. ദേശീയ ദുരന്തനിവാരണ സേനയുള്‍പ്പെടെ സംഭവ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. നദിയിൽനിന്നു രക്ഷിച്ച എട്ടുപേരെ മീററ്റിലെ ആശുപത്രിയിലേക്കു മാറ്റി. 11 പേരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി ഭവാനി സിങ് അറിയിച്ചു.

ബോട്ടിൽ അറുപതിലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഹരിയാനയിലേക്കുള്ള യാത്രയിലാണ് ബോട്ട് അപകടത്തില്‍ പെട്ടത്. അപകടത്തിൽപ്പെട്ടവരിൽ ഏറെയും സ്ത്രീകളാണ്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.