നേതാക്കൾക്കു പ്രാർഥിക്കാൻ സിപിഎം സ്വാതന്ത്ര്യം കൊടുക്കണം: അബ്ദുല്ലക്കുട്ടി

കണ്ണൂർ∙ ഗണേശോത്സവവും ശ്രീകൃഷ്ണ ജയന്തിയും ആഘോഷിക്കാൻ അണികളെ ആഹ്വാനം ചെയ്യുന്ന സിപിഎം, നേതാക്കൾക്കു പ്രാർഥിക്കാൻ പോലും സ്വാതന്ത്ര്യം കൊടുക്കാത്തത് ആത്മവഞ്ചനയെന്ന് എ.പി.അബ്ദുല്ലക്കുട്ടി. ക്ഷേത്രദർശനം നടത്തിയതിനു മന്ത്രി കടകംപള്ളി സുരേന്ദ്രനോടു വിശദീകരണം തേടുന്ന സിപിഎം നേതൃത്വം പാർട്ടിയോടു തന്നെയാണു വിശദീകരണം തേടുന്നത്. മതവിശ്വാസവും ഭൗതികവാദവും തമ്മിലുള്ള കള്ളനും പൊലീസും കളി എത്രയും വേഗം നിർത്തുന്നുവോ, പാർട്ടിക്ക് അത്രയും നല്ലത്. 

ഇഎംഎസ് ഭാര്യയോടൊപ്പം പഴനിക്കു പോയതും ഇ.കെ. നായനാരുടെ ചിതാഭസ്മം കന്യാകുമാരിയിൽ നിമജ്ജനം ചെയ്തതും പ്രവർത്തകർ മറന്നിട്ടില്ല. മതങ്ങളെയും വിശ്വാസങ്ങളെയും പരസ്യമായി അംഗീകരിക്കാനുള്ള ആർജവം പാർട്ടി കാണിക്കണം. സിപിഎമ്മിലായിരുന്നപ്പോൾ ഉംറയ്ക്കു പോയതിനും പെരുന്നാളിനു നമസ്കരിച്ചതിനും എന്നോടു കയർത്ത നേതാവിന്റെ മുഖം ഞാൻ മറന്നിട്ടില്ല. ഉമ്മുമ്മ മരിച്ചപ്പോൾ മയ്യിത്ത് നമസ്കാരത്തിനു പള്ളിയിൽ കയറാൻ പോലും അനുവാദമില്ലാതെ പുറത്തുനിന്നു പൊട്ടിക്കരയേണ്ടി വന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മന്ത്രിയുമായ നേതാവ് ജിദ്ദ വരെ പോയിട്ടും മക്ക കാണാതെ തിരിച്ചു വരേണ്ടി വന്നു. കണ്ണൂരിൽ വീട്ടിൽ ഹോമം നടത്തിയ പ്രാദേശിക നേതാവിനെ പാർട്ടിയിൽനിന്നു പുറത്താക്കി. 

അങ്ങനെയുള്ള പാർട്ടിയാണ് കുട്ടികളെ ശ്രീകൃഷ്ണ വേഷമണിയിച്ചു ജന്മാഷ്ടമി ഘോഷയാത്ര നടത്തിയതിന്റെ തൊട്ടുപിറ്റേന്നു മന്ത്രിയുടെ ക്ഷേത്ര ദർശനത്തിനു കാരണം ചോദിച്ചു പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനു വേണ്ടി ശ്രമിക്കുന്നത്. വൈരുദ്ധ്യാത്മക ഭൗതികവാദത്തിൽനിന്നു വ്യതിചലിക്കില്ലെന്ന പാർട്ടി അംഗത്വ പ്രതിജ്ഞ ദേദഗതി ചെയ്യാൻ സിപിഎം തയാറാവണം. കൽക്കട്ടാ തീസിസിലെ സായുധ വിപ്ലവാഹ്വാനം തിരുത്തി പാർലമെന്ററി രാഷ്ട്രീയം അംഗീകരിച്ചതു പോലെ, സാൽക്കിയ പ്ലീനത്തിലൂടെ ബഹുജന പാർട്ടിയായതു പോലെ, ഭൗതികവാദ അന്ധവിശ്വാസം തിരുത്തി മതവിശ്വാസത്തെ അംഗീകരിക്കാൻ അടുത്ത പാർട്ടി കോൺഗ്രസ്സിൽ നയഭേദഗതി കൊണ്ടുവരണം. ഇല്ലെങ്കിൽ, 100 കൊല്ലം കഴിഞ്ഞാലും ഇങ്ങനെ പൂമൂടലും ഉംറയും ചർച്ച ചെയ്തു കാലം കഴിക്കേണ്ടി വരും - അബ്ദുല്ലക്കുട്ടി പറഞ്ഞു.