ഗോരഖ്പുർ ദുരന്തം: ഓക്സിജൻ വിതരണം ചെയ്ത കരാറുകാരന്‍ അറസ്റ്റിൽ

Representational image

ഗോരഖ്പുർ∙ യുപി ഗോരഖ്പുരിലെ ആശുപത്രിയിൽ ഓക്സിജൻ വിതരണം ഇല്ലാതായതിനെത്തുടർന്നു കുട്ടികൾ മരിച്ച സംഭവത്തിൽ കരാറുകാരായ പുഷ്പ സെയിൽസ് ഉടമ മനീഷ് ഭണ്ഡാരിയെ അറസ്റ്റ് ചെയ്തു. ഗോരഖ്പുരിലെ ബാബാ രാഘവ ദാസ് മെഡിക്കൽ കോളജിൽ ഓക്സിജൻ ലഭ്യതക്കുറവുമൂലം 60ൽ അധികം കുഞ്ഞുങ്ങളാണ് ഒരാഴ്ചയ്ക്കുള്ളിൽ മരിച്ചത്. ഓക്സിജൻ നൽകിയതിനുള്ള പണം നൽകാതെ കുടിശിക വരുത്തിയതിനെത്തുടർന്നാണ് കരാറുകാരൻ വിതരണം നിർത്തിയത്.

അതേസമയം, ഓക്സിജന്റെ കുറവാണു കുഞ്ഞുങ്ങളുടെ മരണത്തിൽ കലാശിച്ചതെന്ന് യുപി സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. കരാറുകാരന്റെ അറസ്റ്റോടെ എഫ്ഐആറിൽ പേരുൾപ്പെടുത്തിയിരിക്കുന്ന ഒൻപതുപേരെയും പൊലീസിന്റെ പിടിയിലാണ്. ഡിയോറിയ ബൈപാസ് റോഡിൽനിന്നു രാവിലെ എട്ടുമണിയോടെയായിരുന്നു ഭണ്ഡാരിയുടെ അറസ്റ്റ്. കുട്ടികളുടെ മരണത്തിനു പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു.

കുട്ടികളുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച യുപി ചീഫ് സെക്രട്ടറി രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടപടിയെടുക്കേണ്ടവരുടെ പട്ടിക സർക്കാരിനു സമർപ്പിച്ചിരുന്നു. ആശുപത്രി പ്രിൻസിപ്പൽ രാജീവ് മിശ്ര, അനസ്തേഷ്യ പീഡിയാട്രിക് വകുപ്പ് മേധാവി ഡോ. സതീഷ്, എഇഎസ് വാർഡ് ഇൻ ചാർജ് ഡോ. കഫീൽ ഖാൻ, പുഷ്പ സെയിൽസ് എന്നിവർക്കെതിരെ നടപടി വേണമെന്നായിരുന്നു സംഘത്തിന്റെ റിപ്പോർട്ട്.