ലണ്ടൻ സ്ഫോടനം: രണ്ടുപേർ കസ്റ്റഡിയിൽ, ബക്കറ്റ് ബോംബിന്റെ ഉറവിടം തേടി പൊലീസ്

ലണ്ടൻ ട്യൂബിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷയൊരുക്കുന്ന പൊലീസ് സേന.

ലണ്ടൻ∙ ലണ്ടൻ ട്യൂബിലെ ഡിസ്ട്രിക്ട് ലൈനിൽ പാർസൺ സ്ട്രീറ്റ് സ്റ്റേഷനുസമീപം വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ടു രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ. മുപ്പതോളം പേർക്കു പരുക്കേൽക്കാനിടയായ ബക്കറ്റ് ബോംബിന്റെ ഉറവിടം തേടി പൊലീസ് രാജ്യമെങ്ങും ശക്തമായ അന്വേഷണം തുടരുകയാണ്.

വെസ്റ്റ് ലണ്ടനിലെ ഹൺസ്ലോയിൽനിന്നാണു സ്ഫോടനവുമായി ബന്ധപ്പെട്ട് 21 വയസുള്ള യുവാവിനെ ഇന്നലെ കസ്റ്റഡിയിലെടുത്തത്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ശനിയാഴ്ച രാത്രി 18 വയസുള്ള മറ്റൊരു യുവാവിനെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനിടെ, സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ലണ്ടൻ നഗരത്തിൽ ഏർപ്പെടുത്തിയിരുന്ന ‘ഹൈ അലേർട്ട്’ പൊലീസ് ഭാഗികമായി പിൻവലിച്ചു.

നഗരത്തിൽ അടിയന്തരമായി വിന്യസിച്ച സൈന്യത്തെയും താമസിയാതെ പിൻവലിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി അംബർ റൂഡ് പറഞ്ഞു. അന്വേഷണത്തിൽ മികച്ച പുരോഗതിയുണ്ടെന്നും ഉടൻതന്നെ പ്രതികളെല്ലാം പിടിയിലാകുമെന്നും അവർ വ്യക്തമാക്കി. ബോംബ് നിർമിച്ച രിതീകളെല്ലാം വ്യക്തമായെന്നും എന്നാൽ ഇനിയും അന്വേഷണം ഏറെ മുന്നോട്ടുപോകാനുണ്ടെന്നും അസിസ്റ്റന്റ് മെട്രോപൊളിറ്റൻ പൊലീസ് കമ്മിഷണർ മാർക്ക് റൗളി അറിയിച്ചു.