നാലുപേർക്ക് ഡിജിപി റാങ്ക്; വനിതകളുടെ അഭിമാനമായി ആർ. ശ്രീലേഖ

തിരുവനന്തപുരം∙ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് ഡിജിപി പദവി നൽകാൻ സർക്കാർ തീരുമാനം. ആര്‍.ശ്രീലേഖ, ടോമിന്‍ ജെ.തച്ചങ്കരി, അരുണ്‍കുമാര്‍ സിന്‍ഹ, സുധേശ് കുമാര്‍ എന്നിവര്‍ക്കാണു ഡിജിപി റാങ്ക് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. കേരളത്തില്‍ ഡിജിപി തസ്തികയിലെത്തുന്ന ആദ്യ വനിതയാണ് ശ്രീലേഖ.

ഉന്നത ഉദ്യോഗസ്ഥർ എങ്ങനെയായിരിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണു താഴേത്തട്ടിലുള്ള പൊലീസ് സേനയുടെ പ്രവർത്തനമെന്നു തുറന്നുപറഞ്ഞയാളാണ് ആർ.ശ്രീലേഖ. ജയിൽ മേധാവിയായും മികച്ച പ്രവർത്തനം കാഴ്ചവച്ചാണ് ആർ.ശ്രീലഖ ഉന്നതപദവിയിലേക്ക് ചുവടുവയ്ക്കുന്നത്. വിജിലൻസിൽ ആയിരിക്കുമ്പോൾ വിശിഷ്‌ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ പൊലീസ് മെഡൽ നേടി. നിലവിൽ ജയിൽ എഡിജിപിയാണ്.

കേരളത്തിൽ നിയമനം ലഭിച്ച ആദ്യത്തെ വനിതാ ഐപിഎസ് ഓഫിസർ ആരെന്ന ചോദ്യത്തിനും ആർ.ശ്രീലേഖ എന്നുതന്നെയാണ് മറുപടി. രണ്ടു വർഷത്തെ പരിശീലനത്തിനു ശേഷം 1988ലാണ് കാക്കിയിട്ട് ശ്രീലേഖ കേരളത്തിലേക്കു വന്നത്. കോട്ടയത്ത് എഎസ്‌പിയായി ആദ്യ നിയമനം. 1991ൽ കേരളത്തിലെ ആദ്യ വനിതാ എസ്‌പിയായി തൃശൂരിൽ ചുമതലയേറ്റു. 

കണിശതയുള്ള ‘റെയ്‌ഡ് ശ്രീലേഖ’ 

‘ഞാൻ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായാൽ ഡിവൈഎസ്‌പി, സിഐ, എസ്‌ഐ റാങ്കിലെല്ലാം സ്‌ത്രീകളെ കൊണ്ടുവരും. എങ്കിലേ സ്‌ത്രീകളുടെ പരാതിയിൽ അന്വേഷിക്കാനും ഇടപെടാനും വനിതാ ഓഫിസർമാർക്കു സാധിക്കൂ. ഇപ്പോൾ സ്‌ത്രീ കുറ്റവാളികളെ അറസ്‌റ്റുചെയ്യാൻ പോകാനും പ്രകടനം നടത്തുമ്പോൾ സ്‌ത്രീകളെ നിയന്ത്രിക്കാനും മാത്രമല്ലേ വനിതാ പൊലീസ് ഉള്ളൂ’ – ഒരു അഭിമുഖത്തിൽ ശ്രീലേഖ വ്യക്തമാക്കി. ശ്രീലേഖ പൊലീസ് തലപ്പത്ത് ‍ഡിജിപിയായി വരുന്നത് സ്ത്രീസുരക്ഷയിൽ കാര്യമായ മുന്നേറ്റമുണ്ടാക്കും.

‘റെയ്‌ഡ് ശ്രീലേഖ’ എന്നൊരു വിശേഷണവും ഇവർക്കുണ്ട്. സിബിഐയിൽ കേരളത്തിലെ മുഴുവൻ ചുമതലയുള്ള എസ്‌പിയായി വന്നപ്പോഴാണ്  ഇങ്ങനെയൊരു ഇരട്ടപ്പേര് വീണത്. സല്യൂട്ട് ചെയ്യാൻ മടിക്കുന്ന പൊലീസുകാരെ തിരിച്ചുവിളിച്ച് സല്യൂട്ട് അടിപ്പിച്ചിട്ടേ വിടൂ എന്നതും ശ്രീലേഖയുടെ ശീലമാണ്. പുരുഷ ഓഫിസറിനെ ‘സർ...’ എന്നുവിളിച്ച് ബഹുമാനിക്കുന്നവർ വനിതാ ഓഫിസറെ ഒന്നും വിളിക്കാതെ ഉഴപ്പുമ്പോൾ അത്തരക്കാരെക്കൊണ്ട് ‘സർ’ എന്നോ ‘മാഡം’ എന്നു വിളിപ്പിക്കാനും മടിയില്ല.

പീഡിയാട്രിക് സർജനാണ് ഭർത്താവ് ഡോ. സേതുനാഥ്. മകൻ: ഗോകുൽനാഥ്. പൊലീസിൽ കാക്കിയിട്ട കാലം കുറവാണെങ്കിലും അനുഭവകഥകൾ ഏറ്റവും കൂടുതൽ എഴുതിയ ഓഫിസറാണ് ശ്രീലേഖ. മൂന്ന് കുറ്റാന്വേഷണ പുസ്‌തകങ്ങൾ ഉൾപ്പെടെ പത്തോളം പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.