ജലാശയം മലിനമാക്കിയാൽ മൂന്നുവർഷം തടവും രണ്ടുലക്ഷം പിഴയും; ഓര്‍ഡിനന്‍സ് ഇറക്കും

തിരുവനന്തപുരം ∙ പുഴകളിലും ജലാശയങ്ങളിലും മാലിന്യം എറിയുന്നതിനെതിരെ കടുത്ത ശിക്ഷകളുമായി സർക്കാർ. മാലിന്യം വലിച്ചെറിഞ്ഞാൽ രണ്ടുലക്ഷം രൂപ പിഴയും തടവും ശിക്ഷ ലഭിക്കുന്ന തരത്തിൽ  ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ തീരുമാനിച്ചു. ഇതോടെ, ജലാശയങ്ങൾ മലിനമാക്കുന്നതു തടയാൻ തടവ് ഉൾപ്പെടെയുള്ള നിയമം രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനമാകും കേരളം.

ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തന്നവര്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കുന്നതിനുളള നിയമഭേദഗതി ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും അല്ലെങ്കില്‍ രണ്ടുംകൂടിയോ ശിക്ഷ വിധിക്കുന്നതിനുളള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. നിലവിലെ നിയമത്തില്‍ പതിനായിരം രൂപ മുതല്‍ ഇരുപത്തയ്യായിരം രൂപ വരെയാണ് പിഴ. ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയാണ് തടവ്. ശിക്ഷ വര്‍ധിപ്പിക്കുന്നതിന് കേരള ഇറിഗേഷന്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്റ്റിലാണ് ഭേദഗതി വരുത്തുന്നത്.

നദീസംരക്ഷണ അതോറിറ്റിയിൽ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കുന്നതുൾപ്പെടെയുള്ള നടപടികളും പുതിയ നിയമത്തിലുണ്ട്. ജലാശയങ്ങളുടെ സംരക്ഷണത്തിനു തദ്ദേശഭരണ സ്ഥാപനങ്ങൾക്കു ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ മാർഗരേഖയും തയാറാക്കുന്നുണ്ട്. ജലാശയങ്ങളുടെ സംരക്ഷണത്തിനായി വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി തദ്ദേശതലം മുതൽ സംസ്ഥാനതലം വരെ സാങ്കേതികസമിതികളും ഉടൻ രൂപീകരിക്കും.

അവധിദിവസങ്ങളിലും രാത്രികളിലും കനാലുകളിൽ അറവുമാലിന്യം തള്ളുന്നത് സംസ്ഥാനത്ത് പതിവാണ്. കഴിഞ്ഞദിവസം അവധിയുടെ മറവിൽ കോഴിക്കോട് നഗരമധ്യത്തിലൂടെ ഒഴുകുന്ന കനോലി കനാലിൽ വ്യാപകമായി അറവുമാലിന്യങ്ങൾ വലിച്ചെറിഞ്ഞിരുന്നു. പരാതി നൽകിയപ്പോൾ ബ്ലീച്ചിങ് പൗഡർ വിതറുക മാത്രമാണ് കോർപ്പറേഷൻ ചെയ്തത്. മാലിന്യം തള്ളിയവരെ കുറിച്ച് തെളിവ് സഹിതം പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. കനാലിന്റെ ഒഴുക്ക് നിലച്ചതിനാൽ പ്രദേശത്ത് പകർച്ചവ്യാധി പടരുമെന്ന ഭയത്തിലാണ് നാട്ടുകാർ. 

പുഴയിലും ലോഡു കണക്കിന് മാലിന്യങ്ങൾ ചാക്കിൽക്കെട്ടിയും അല്ലാതെയും വലിച്ചെറിയുന്നതും കേരളത്തിലുടനീളം കാണാം. മിക്കയിടത്തും കുടിവെള്ളം വിതരണം ചെയ്യുന്ന പുഴകളിലാണ് ഇങ്ങനെ മാലിന്യം തള്ളുന്നത്. മാലിന്യങ്ങൾ കെട്ടികിടന്ന് ഒഴുക്കുനിലച്ച പുഴകളും കനാലുകളും സംസ്ഥാനത്തു നിരവധിയുണ്ട്. അറവുമാലിന്യം, ഹോട്ടലിലെ ഭക്ഷണമാലിന്യം, മാർക്കറ്റുകളിലെ മാലിന്യം, ഫ്ലാറ്റുകളിലെയും മറ്റും കക്കൂസ് മാലിന്യം, ബാർബർ ഷോപ്പുകളിലെ മുടി, ആശുപത്രി മാലിന്യം, ഇ വേസ്റ്റ് തുടങ്ങിയവയാണ് ജലാശയങ്ങളിൽ തള്ളുന്നത്. പരിസ്ഥിതി മലിനീകരണത്തിനും പകർച്ചവ്യാധികൾക്കും ഇടയാക്കുന്ന മലിനീകരണത്തിനെതിരെ ശക്തമായ നിയമം ഇല്ലായിരുന്നെന്ന പോരായ്മയ്ക്കാണു സർക്കാർ പരിഹാരം കണ്ടിരിക്കുന്നത്.