അതിർത്തിയിൽ വീണ്ടും വെടിനിർത്തൽ ലംഘനം; ത്രാലിൽ ഭീകരാക്രമണം

ശ്രീനഗർ∙ രണ്ടു ദിവസത്തെ നിശബ്ദതയ്ക്കുശേഷം അതിർത്തിയിൽ വീണ്ടും വെടിനിർത്തൽ ലംഘനം. ജമ്മു കശ്മീരിലെ അർണിയ സെക്ടറിൽ ഇന്ത്യൻ ഔട്ട് പോസ്റ്റുകൾക്കു നേരെ പാക്കിസ്ഥാൻ റേഞ്ചേഴ്സ് വെടിവയ്പ്പും ഷെല്ലിങ്ങും നടത്തിയതായി മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. രാത്രി വൈകി ആരംഭിച്ച വെടിവയ്പ്പ് രാവിലെ വരെ നീണ്ടുനിന്നു. ആക്രമണത്തിൽ ആളപായമില്ല.

ഈമാസം 13നും 18നും ഇടയ്ക്ക് നിയന്ത്രണരേഖയ്ക്കു സമീപം ശക്തമായ ഷെല്ലിങ്ങും വെടിവയ്പ്പും നടന്നിരുന്നു. ഒരു ബിഎസ്എഫ് ജവാനും പ്രദേശവാസിയും കൊല്ലപ്പെടുകയും 12 പേർക്കു പരുക്കേൽക്കുകയും ചെയ്തു.

അതിനിടെ ത്രാലിൽ പൊലീസ് സേനയ്ക്കെതിരെ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും എഴു സിആർപിഎഫ് ജവാന്മാരടക്കം 13 പേർക്കു പരുക്കേൽക്കുകയും ചെയ്തു.