കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവം: ഭാര്യയെ അറസ്റ്റ് ചെയ്യും

പുറത്തൂർ സ്വദേശി ഇർഷാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ

വാളാഞ്ചേരി ∙ മലപ്പുറം കുറ്റിപ്പുറത്ത് ലോഡ്ജില്‍ വച്ച് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച കേസിൽ ഭാര്യയെ അറസ്റ്റ് ചെയ്യും. താന്‍ സ്വയം ജനനേന്ദ്രിയം മുറിച്ചതാണെന്ന് ആദ്യം മൊഴിനല്‍കിയ യുവാവ് പിന്നീട് ഭാര്യക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നീക്കം. പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദ് ആറുമാസം മുന്‍പാണ് പെരുമ്പാവൂര്‍ സ്വദേശിയായ മുപ്പതുകാരിയെ റജിസ്റ്റര്‍ വിവാഹം കഴിച്ചത്. ഇവരെ ഒഴിവാക്കി ഇര്‍ഷാദ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് ജനനേന്ദ്രിയം മുറിക്കാന്‍ പ്രകോപനമായതെന്ന് കരുതുന്നു. യുവതിക്ക് ആദ്യവിവാഹത്തില്‍ രണ്ടുമക്കളുണ്ട്.

കേസില്‍ യുവതിയെ പൊലീസ് ആദ്യം ചോദ്യംചെയ്ത് താൽക്കാലികമായി വിട്ടയച്ചിരുന്നു. ജനനേന്ദ്രിയം താൻ സ്വയം മുറിച്ചതാണെന്ന മൊഴിയിൽ യുവാവ് ഉറച്ചുനിന്നതോടെയാണു പെരുമ്പാവൂർ സ്വദേശിയായ യുവതിയെ പൊലീസ് വിട്ടയച്ചത്.

അതേസമയം സംഭവം നടന്ന ടൂറിസ്റ്റ് ഹോമിലെ മാനേജരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവതിയെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. ആയുധം ഉപയോഗിച്ച് ഒരാളെ പരുക്കേൽപ്പിക്കുന്നതിനെതിരായ വകുപ്പു പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തത്.

പുറത്തൂർ സ്വദേശിയായ ഇർഷാദ് (26) പെരുമ്പാവൂർ സ്വദേശിയായ യുവതിയുമൊത്താണ് മുറിയെടുത്തതെന്നും ജനനേന്ദ്രിയം ഛേദിക്കപ്പെട്ട നിലയിൽ ഇർഷാദ് പുറത്തെത്തുമ്പോഴും യുവതി ഒപ്പമുണ്ടായിരുന്നതായും ചൂണ്ടിക്കാട്ടി മാനേജർ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഇതടിസ്ഥാനമാക്കിയാണു കേസ്.

കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജിലായിരുന്നു കേസിനാസ്പദമായ സംഭവം. ഇർഷാദും യുവതിയും രഹസ്യമായി വിവാഹം കഴിച്ചവരായിരുന്നെന്നും ഇർഷാദിനായി വീട്ടുകാർ മറ്റൊരു വിവാഹം ഉറപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ കലാശിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. താനാണ് കൃത്യം നടത്തിയതെന്ന് യുവതി പൊലീസിൽ മൊഴി നൽകുകയും ചെയ്തിരുന്നു. എന്നാൽ യുവാവ് യുവതിക്കെതിരെ മൊഴി നൽകാത്തതാണ് പൊലീസിനെ കുഴക്കിയത്.

വളാഞ്ചേരി സിഐ എം.കെ. കൃഷ്ണന്റെ നേതൃത്വത്തിലാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. സംഭവം നടന്ന കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജിൽ വിരലടയാള വിദഗ്‌ധരും മറ്റും ശാസ്ത്രീയ പരിശോധന നടത്തി. യുവാവ് ശസ്ത്രക്രിയയ്ക്കു ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.