Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അക്കാദമി ചില കൊതിക്കെറുവുകാരുടെ കയ്യിൽ’: സനൽകുമാർ ശശിധരൻ

Sexy Durga

തിരുവനന്തപുരം ∙ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്കു (ഐഎഫ്എഫ്കെ) തിരഞ്ഞെടുക്കപ്പെട്ട ‘സെക്സി ദുർഗ’ എന്ന ചിത്രം പിൻവലിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരണവുമായി സംവിധായകൻ സനൽകുമാർ ശശിധരൻ. അടൂരിനെപ്പോലുള്ള കലാസ്നേഹികൾ മുൻകയ്യെടുത്തു സ്ഥാപിച്ച ചലച്ചിത്ര അക്കാദമി ഇന്നു ചില കൊതിക്കെറുവുകാരുടെയും ഇടുങ്ങിയ ചിന്താഗതിയുള്ള രാഷ്ട്രീയദാസന്മാരുടെയും കയ്യിലാണെന്ന് സനൽകുമാർ ആരോപിച്ചു‌. സിനിമകളെ സഹായിക്കുകയല്ല അവരുടെ ജോലിയെന്നും സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ സനൽകുമാർ അഭിപ്രായപ്പെട്ടു.

സെക്സി ദുർഗ ഇതിനകം പല രാജ്യങ്ങളിലെ നാല്‍പത്തിയഞ്ചിലധികം ചലച്ചിത്ര മേളകളിലേക്കു തിരഞ്ഞെടുക്കപ്പെടുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. റോട്ടര്‍ഡാം ചലച്ചിത്ര മേളയിൽ ടൈഗര്‍ അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണിത്. പുരസ്കാരം കിട്ടിയ വാർത്തയറിഞ്ഞ് സിനിമാവകുപ്പു മന്ത്രി ഒരു ഫെയ്സ്ബുക് പോസ്റ്റിട്ടു എന്നതല്ലാതെ യാതൊരു കാര്യവും ഉണ്ടായില്ല. ഇപ്പോൾ അക്കാദമിയുടെ ഏറ്റവും പ്രധാന കലാപരിപാടിയായ ഐഎഫ്എഫ്കെയിൽ ആ സിനിമയെ കണ്ടില്ലെന്നു നടിക്കുക മാത്രമല്ല അവഹേളിക്കുന്ന രീതിയിലുള്ള സെലക്‌ഷനും നടത്തിയിരിക്കുന്നു.

sanalkumar

റോട്ടർഡാം ചലച്ചിത്രമേളയിൽ മൽസരവിഭാഗത്തിലേക്കു പരിഗണിക്കുന്നതിനുള്ള മാനദണ്ഡം സംവിധായകന്റെ ആദ്യത്തെയോ രണ്ടാമത്തെയോ സിനിമ ആയിരിക്കണം എന്നതായിരുന്നു. സെക്സി ദുർഗയെ മൽസരത്തിലേക്കു തിരഞ്ഞെടുത്തത് ഈ ചട്ടം പരിഷ്കരിച്ചാണ്. രണ്ട് എന്നതിനു പകരം മൂന്നു സിനിമ എന്നാക്കി. സിനിമയെ കാര്യഗൗരവത്തോടെ സമീപിക്കുന്ന ഫിലിം ഫെസ്റ്റിവലുകൾ സിനിമകളെ സഹായിക്കാൻ ഏതറ്റം വരെ പോകാം എന്നതിന്‌ ഉദാഹരണം കൂടിയാണ്‌ റോട്ടർഡാമിലെ നടപടി. എന്നാൽ മലയാളത്തിൽ കലാമൂല്യമുള്ള സിനിമകളുടെ മാത്രം ഉന്നമനത്തിനായി സ്ഥാപിക്കപ്പെട്ടിട്ടുള്ള ചലച്ചിത്ര അക്കാദമിയും കേരളത്തിലെ രാജ്യാന്തര ചലച്ചിത്രോൽസവവും ആ സിനിമയോട് ചെയ്യുന്നതെന്താണെന്നും സനൽകുമാർ ചോദിക്കുന്നു.

പ്രേംശങ്കറിന്റെ രണ്ടുപേർ, സഞ്ജു സുരേന്ദ്രന്റെ ഏദൻ എന്നീ ചിത്രങ്ങളാണു മലയാളത്തിൽ നിന്നു മൽസര വിഭാഗത്തിലുള്ളത്. ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തിലേക്ക് സെക്സി ദുർഗയ്ക്കു പുറമെ ടേക്ക് ഓഫ്, തൊണ്ടിമുതലും ദൃക്സാക്ഷിയും, കറുത്ത ജൂതൻ, അങ്കമാലി ഡയറീസ്, മറവി, അതിശയങ്ങളുടെ വേനൽ എന്നീ ചിത്രങ്ങളാണു തിരഞ്ഞെടുത്തത്. ഡിസംബർ എട്ടു മുതൽ 15 വരെയാണു മേള.

സനൽകുമാർ ശശിധരന്റെ പോസ്റ്റിന്റെ പൂർണരൂപം:

ഇന്ത്യയിൽ നിന്നും പ്രധാനപ്പെട്ട ചലചിത്രമേളകളിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾക്ക് വാർത്താവിതരണവകുപ്പ് മന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ള പ്രമോഷണൽ ഫണ്ടാണ്‌ ചുവടെ. റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലെ സ്പെക്ട്രം, ബ്രൈറ്റ് ഫ്യൂച്ചർ വിഭാഗങ്ങളിൽ തിരെഞ്ഞെടുക്കപ്പെട്ടാൽ 7.5 ലക്ഷം രൂപയും പ്രധാന മൽസരവിഭാഗമായ ടൈഗർ കോമ്പറ്റീഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 10 ലക്ഷം രൂപയും ലഭിക്കും. സെക്സി ദുർഗ എന്ന പേരിനെച്ചൊല്ലിയുള്ള വിവാദങ്ങൾ കത്തി നിൽക്കുന്നതുകൊണ്ടും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ്ങ് മിനിസ്ട്രിയുടെ തലപ്പത്തിരിക്കുന്ന ദുർഗാഭക്തരെക്കൊണ്ട് ഉപദ്രവമല്ലാതെ ഉപകാരമൊന്നും ഉണ്ടാകാൻ പോകുന്നില്ല എന്നുറപ്പുള്ളതുകൊണ്ടും അന്ന് ഈ ഗ്രാന്റിന്‌ അപേക്ഷിച്ചില്ല.

പക്ഷെ ഇന്ത്യയെ സംബന്ധിച്ച് ഇത്തരം ചലച്ചിത്രമേളകളിലേക്കുള്ള സെലക്‌ഷൻ എത്രമാത്രം പ്രാധാന്യമുള്ളതാണെന്നതിന്റെ തെളിവാണ്‌ ഈ പാരിതോഷികത്തുകകൾ. അപ്പോൾ കേരളത്തിൽനിന്നും മലയാളത്തിലെ ഒരു സിനിമ ഇങ്ങനെ ഒരു ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെടുകയും ഏറ്റവും പ്രധാന പുരസ്കാരം കരസ്ഥമാക്കുകയും ചെയ്യുന്നത് എത്ര പ്രാധാന്യത്തോടെയാണ്‌ ഇവിടുത്തെ ചലച്ചിത്ര അക്കാദമിയും സിനിമാവകുപ്പുമൊക്കെ കണക്കാക്കേണ്ടത്? അത് ആ സിനിമയുടെയും ആ സംവിധായകന്റെയും കാര്യം. അതിൽ ഞങ്ങൾക്കെന്ത് എന്ന നിലപാടാണോ അക്കാദമി സ്വീകരിക്കേണ്ടത്? പുരസ്കാരം കിട്ടിയ വാർത്തയറിഞ്ഞ് സിനിമാവകുപ്പു മന്ത്രി ഒരു ഫെയ്സ്ബുക്ക് പോസ്റ്റിട്ടു എന്നതല്ലാതെ യാതൊരു കാര്യവും ഉണ്ടായില്ല. ഇപ്പോൾ അക്കാദമിയുടെ ഏറ്റവും പ്രധാന കലാപരിപാടിയായ ഐഎഫ്എഫ്കെയിൽ ആ സിനിമയെ കണ്ടില്ലെന്നു നടിക്കുക മാത്രമല്ല അവഹേളിക്കുന്ന രീതിയിലുള്ള സെലക്‌ഷനും നടത്തിയിരിക്കുന്നു.

റോട്ടർഡാം ചലച്ചിത്രമേളയിൽ മൽസരവിഭാഗത്തിൽ പരിഗണിക്കുന്നതിനുള്ള മാനദണ്ഡം ഒരു സംവിധായകന്റെ ആദ്യത്തെയോ രണ്ടാമത്തെയോ സിനിമ ആയിരിക്കണം എന്നതായിരുന്നു. സെക്സി ദുർഗയെ മൽസരത്തിലേക്ക് തിരഞ്ഞെടുക്കുന്നത് ഈ ചട്ടം പരിഷ്കരിച്ച് രണ്ട് സിനിമ എന്നതിനു പകരം മൂന്നു സിനിമ എന്നാക്കിക്കൊണ്ടായിരുന്നു. സിനിമയെ കാര്യഗൗരവത്തോടെ സമീപിക്കുന്ന ഫിലിം ഫെസ്റ്റിവലുകൾ സിനിമകളെ സഹായിക്കാൻ ഏതറ്റം വരെ പോകാം എന്നതിന്‌ ഉദാഹരണം കൂടിയാണ്‌ റോട്ടർഡാം ചലച്ചിത്രമേളയുടെ ആ നടപടി. എന്നാൽ മലയാളത്തിൽ കലാമൂല്യമുള്ള സിനിമകളുടെ മാത്രം ഉന്നമനത്തിനായി സ്ഥാപിക്കപ്പെട്ടിട്ടുള്ള ചലച്ചിത്ര അക്കാദമിയും കേരളത്തിലെ രാജ്യാന്തര ചലച്ചിത്രോൽസവവും ആ സിനിമയോട് ചെയ്യുന്നതെന്താണെന്നു നോക്കുക.

സിനിമയെ അർഹിക്കുന്ന രീതിയിൽ അവതരിപ്പിച്ചില്ലെങ്കിൽ സിനിമ കാണിക്കാനാവില്ലെന്നു അക്കാദദമിയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥയോട് പറഞ്ഞപ്പോൾ അതിനു കിട്ടിയ മറുപടി അമ്പരപ്പിക്കുന്നതായിരുന്നു “സിനിമ പിൻവലിച്ചാൽ നിങ്ങൾക്ക് വലിയ പബ്ലിസിറ്റി കിട്ടുമല്ലോ” എന്നും “നിങ്ങളിപ്പോൾ വലിയ ആളായിപ്പോയി അതുകൊണ്ട് ഐഎഫ്എഫ്കെയ്ക്ക് നിങ്ങളെ അഫോർഡ് ചെയ്യാൻ പറ്റില്ലായിരിക്കും” എന്നുമാണത്. എത്രമാത്രം സങ്കുചിതമായ മനസിൽനിന്നും മാത്രം വരാവുന്ന വാക്കുകളാണതെന്ന് ആലോചിക്കുക.

അടൂരിനെപ്പോലുള്ള കലാസ്നേഹികൾ മുൻകയ്യെടുത്തു സ്ഥാപിച്ച അക്കാദമി ഇന്നു ചില കൊതിക്കെറുവുകാരുടെയും ഇടുങ്ങിയ ചിന്താഗതിയുള്ള രാഷ്ട്രീയദാസന്മാരുടെയും കയ്യിലാണ്‌. സിനിമകളെ സഹായിക്കുകയല്ല അവരുടെ ജോലി. സ്വന്തം ഈഗോയെ തൃപ്തിപ്പെടുത്തുകയും പൊങ്ങച്ചം നടിക്കലും മാത്രം. ഈ സ്ഥിതി മാറേണ്ടത് മലയാളസിനിമയിൽ ഇന്ന് ഉയർന്നുവന്നുകൊണ്ടിരിക്കുന്ന പുതിയ പ്രവണതകളെ മുന്നോട്ടുകൊണ്ടു പോകേണ്ടതിനു വളരെ ആവശ്യമാണ്‌. സെക്സി ദുർഗയെ മുൻനിർത്തിയാണ്‌ ഇത് പറയുന്നതെങ്കിലും ഒരു സിനിമയുടെ മാത്രം കഥയായി ഇത് ഒതുങ്ങുന്നില്ല എന്നുകൂടി മനസിലാക്കേണ്ടതുണ്ട്.

related stories