വേങ്ങര ഉപതിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാവും: എം.എം. മണി

മലപ്പുറം∙ വേങ്ങര ഉപതിരഞ്ഞെടുപ്പു സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാവുമെന്നു മന്ത്രി എം.എം. മണി. ഒന്നേകാൽ വർഷത്തെ ഭരണ മികവു വേങ്ങരയിൽ വോട്ടായി മാറും. ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന ബിഡിജെഎസിന് ഇടതു സ്ഥാനാർഥിയെ സഹായിക്കാമെന്നും മണി വേങ്ങരയില്‍ മനോരമ ന്യൂസിനോടു പറഞ്ഞു. ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണാർഥം മലപ്പുറത്തെ കുടുംബയോഗങ്ങളിൽ സംസാരിക്കാനാണു മന്ത്രിയെത്തിയത്.

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തെ ഈ തിരഞ്ഞെടുപ്പു ബാധിക്കില്ലെങ്കിലും ഈ ഒന്നേകാൽ വർഷം കൊണ്ടു സർക്കാർ എന്തെല്ലാം ചെയ്തെന്നു ഞങ്ങൾ വ്യക്തമാക്കിക്കൊടുക്കും. അതിനു മുൻപ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അവരെന്തൊക്കെ ചെയ്തെന്നും അക്കാലത്തെ മുസ്‌ലിം ലീഗ് ഭരണത്തിൽ എന്തൊക്കെ നടപ്പായെന്നും ജനങ്ങൾക്കുമുന്നിൽ ഞങ്ങൾ ചർച്ച ചെയ്യും. സർക്കാരിന്റെ നയപരിപാടികൾ ജനങ്ങൾക്കുമുൻപിൽ ചർച്ചയാക്കും. സംഘപരിവാർ ശക്തികളുടെ വർഗീയ അജൻഡ ഇവിടെ നടപ്പാകില്ല. മറ്റു സംസ്ഥാനങ്ങളെപ്പോലെയല്ല കേരളം. ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളം ഭരിക്കുന്നതാണ് സംഘപരിവാർ അജൻഡ നടപ്പാകില്ലെന്നതിന്റെ ഉറപ്പ്.

ബിഡിജെഎസുമായി ഇതുവരെ ചർച്ചയൊന്നും നടത്തിയിട്ടില്ല. അവർ എൻഡിഎ മുന്നണി വിട്ടുപോരുകയാണെങ്കിൽ ചർച്ച നടത്തുമെന്നു പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ അവർ സഹായിക്കുമെങ്കിൽ അത് ഉപയോഗപ്പെടുത്തുമെന്നും മണി കൂട്ടിച്ചേർത്തു.