വീണ്ടും അസഹിഷ്ണുത; എഴുത്തുകാരൻ കാഞ്ച ഇളയ്യയ്ക്കു നേരെ വധശ്രമം

ഹൈദരാബാദ് ∙ പ്രമുഖ ദലിത് ചിന്തകനും ദലിത് അവകാശ പ്രവർത്തകനും ഗ്രന്ഥകാരനുമായ പ്രഫ. കാഞ്ച ഇളയ്യ (64)യ്ക്കു നേരെ വധശ്രമമെന്നു പരാതി. ഹൈദരാബാദിൽ കാറിൽ സഞ്ചരിക്കുമ്പോഴാണ് ഒരു സംഘമാളുകൾ വാഹനം ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. ആക്രമണശ്രമത്തെ തുടർന്ന് കാഞ്ച ഇളയ്യ സമീപത്തെ പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു.

‘ആര്യ വൈശ്യ ജാതികൾ’ എന്ന പുസ്തകത്തിലെ വൈശ്യ സമുദായത്തിനെതിരായ പരാമർശങ്ങളാണ് പ്രതിഷേധത്തിനു കാരണമായത്. ആര്യ വൈശ്യ അസോസിയേഷനുകൾ പ്രതിഷേധിക്കുകയും തങ്ങൾക്ക് അപമാനകരമായ പുസ്തകം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അജ്ഞാതർ ഫോണിൽ തനിക്കെതിരെ വധഭീഷണി മുഴക്കിയതായി പ്രഫ. കാഞ്ച ഇളയ്യ ഉസ്മാനിയ യൂണിവേഴ്സിറ്റി പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. പ്രഫസർക്കെതിരെയും പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്.

ഹൈദരാബാദിൽ പുസ്തകത്തിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെയാണ് ഡോ.കാഞ്ചയ്‌ക്കു നേരെ ആക്രമണ ശ്രമമുണ്ടായത്. ഒരു സംഘമാളുകൾ പ്രഫ. കാഞ്ച സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ ചെരിപ്പുകളും കല്ലും എറിയുകയായിരുന്നു. സമീപത്തെ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയ ശേഷം പൊലീസ് അകമ്പടിയോടെയാണ് അദ്ദേഹം യാത്ര തുടർന്നത്. സ്റ്റേഷനു സമീപം ദലിത് -വൈശ്യ വിഭാഗങ്ങൾ ഏറ്റുമുട്ടിയത് ചെറിയതോതിൽ സംഘർഷത്തിനും കാരണമായി.

പുസ്തകത്തിനെതിരെ വൈശ്യ സമുദായം ഉയർത്തിയ പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് ബിജെപിയും തെലുങ്കുദേശം പാർട്ടിയും (ടിഡിപി) രംഗത്തെത്തിയിരുന്നു. പുസ്കതകമെഴുതിയ കാഞ്ചയെ ബിജെപി വിമർശിക്കുകയും ചെയ്തു. ഇത്തരം പുസ്തകങ്ങൾ എഴുതുന്നുവരെ തൂക്കിലേറ്റാൻ അനുവദിക്കുന്ന തരത്തിൽ രാജ്യത്തെ നിയമം മാറ്റിയെഴുതണമെന്ന് ആവശ്യപ്പെട്ട് വൈശ്യ സമുദായാംഗമായ ഒരു എംപിയും രംഗത്തെത്തിയിരുന്നു.