എയർസെൽ – മാക്സിസ് ഇടപാട്: കാർത്തി ചിദംബരത്തിന്റെ 1.16 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ന്യൂഡൽഹി∙ മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ 1.16 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ സർക്കാരിലേക്കു കണ്ടുകെട്ടി. എയർസെൽ – മാക്സിസ് അഴിമതിയുമായി ബന്ധപ്പെട്ടാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. ഇതിനൊപ്പം കാർത്തിയുമായി ബന്ധമുള്ള ഒരു കമ്പനിയുടെ സ്വത്തും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സർക്കാരിലേക്കു കണ്ടുകെട്ടിയിട്ടുണ്ട്.

ഫിക്സഡ് ഡിപ്പോസിറ്റ്, എസ്ബി അക്കൗണ്ട് എന്നിവിടങ്ങളിലായുള്ള 90 ലക്ഷത്തോളം രൂപയും അഡ്വാന്റേജ് സ്ട്രറ്റീജിക് കൺസൾട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് (എഎസ്‌സിപിഎൽ) കമ്പനിയുടെ പേരിലുള്ള 26 ലക്ഷം രൂപയുമാണ് കണ്ടുകെട്ടിയത്. പ്രവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട്, ആന്റി മണി ലോണ്ടറിങ് ആക്ട് എന്നിവ പ്രകാരമാണ് എൻഫോഴ്സ്മെന്റ് നടപടി.

കാർത്തിക്കു വേണ്ടി മറ്റൊരാളാണ് അഡ്വാന്റേജ് സ്ട്രറ്റീജിക് കൺസൾട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് (എഎസ്‌സിപിഎൽ) കമ്പനി നിയന്ത്രിക്കുന്നതെന്നാണ് എൻഫോഴ്സ്മെന്റ് നിലപാട്. മാത്രമല്ല നടപടി വരുന്നതിനു മുന്നോടിയായി കാർത്തി ഗുരുഗ്രാമിലെ വസ്തു വിൽപ്പന നടത്തിയെന്നും ചില ബാങ്ക് അക്കൗണ്ടുകൾ അവസാനിപ്പിച്ചതായും അധികൃതർ പറയുന്നു.