ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത ഇമാൻ അഹമ്മദ് അബുദാബിയിൽ അന്തരിച്ചു

അബുദാബി∙ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത ഇമാൻ അഹമ്മദ്(36) അന്തരിച്ചു. അബുദാബിയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ഈജിപ്തിലെ അലക്സാണ്ട്രിയയിൽ നിന്നുള്ള ഇമാൻ ഭാരം കുറയ്ക്കാനുള്ള ചികിത്സയ്ക്കു വേണ്ടി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മുംബൈയിലും എത്തിയിരുന്നു.

മുംബൈയിലെ സൈഫി ആശുപത്രിയിൽ നിന്ന് മേയ് ആദ്യമാണ് ഡിസ്ചാർജ് ചെയ്ത് അബുദാബിയിലേക്കു കൊണ്ടുപോയത്. അമിതവണ്ണം കാരണം 25 വർഷമായി കിടക്കയിൽ കഴിയുന്ന ഇമാനെ ഈജിപ്തിൽനിന്ന് മുംബൈയിൽ കൊണ്ടുവരുമ്പോൾ മൂന്നുവർഷം മുൻപുണ്ടായ പക്ഷാഘാതത്തിന്റെ അവശതകളുമുണ്ടായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ഇമാന്റെ വലതു വശം തളർന്നിരുന്നു. വിഷാദം , രക്തസമ്മർദം തുടങ്ങിയ രോഗങ്ങളും ബാധിച്ചു. 498 കിലോയോളമായിരുന്നു ഭാരം.

തുടക്കത്തിൽ ഭക്ഷണ ക്രമീകരണം കൊണ്ടുതന്നെ നൂറു കിലോയോളം കുറയ്ക്കാനായെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. മാർച്ച് ഏഴിന് ഭാരം കുറയ്ക്കാനുള്ള ബാരിയാട്രിക് ശസ്ത്രക്രിയ നടത്തി. ഇതിനുശേഷം ഭാരം ഇരുനൂറു കിലോയിൽ താഴെ എത്തിയതായാണ് ഡോക്ടർമാരുടെ അവകാശവാദം.

എന്നാൽ ചികിത്സ പൂർത്തിയായതായി അറിയിച്ച് ഡോക്ടർമാർ ഇമാനെ ഡിസ്ചാർജ് ചെയ്യാൻ തുനിഞ്ഞതോടെ ബന്ധുക്കൾ ഇടഞ്ഞു. ഇമാന്റെ ഭാരം കുറഞ്ഞെന്ന ആശുപത്രി അധികൃതരുടെ അവകാശവാദം തട്ടിപ്പാണെന്നും അവരുടെ ആരോഗ്യസ്ഥിതി മോശമായിരിക്കുകയാണെന്നും ആരോപിക്കുന്ന, ഇമാന്റെ സഹോദരി ഷൈമയുടെ വിഡിയോ ക്ലിപ് സമൂഹമാധ്യമങ്ങളിൽ വൈറലായി.

തുടർന്നാണ് ഇമാനെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. അതിനിടെ അബുദാബിയിൽ തുടർചികിത്സയ്ക്ക് സാഹചര്യം ഒരുങ്ങുകയായിരുന്നു. അബുദാബിയിലെ ചികിത്സയെത്തുടർന്ന് ആദ്യമായി ഇമാന് തനിയെ ഭക്ഷണം കഴിക്കാനായാതും വാർത്തയായിരുന്നു. സ്പീച്ച് തെറപ്പി നടത്തി ശബ്ദത്തിന് വ്യക്തത വരുത്തി. രണ്ടു വർഷത്തിനിടെ ഇതാദ്യമായി കൈകാലുകൾ അനക്കിയെന്നും റിപ്പോർട്ടുകൾ വന്നു.