യുഎസ് സൈനിക നടപടിക്കു തുനിഞ്ഞാൽ ഉത്തരകൊറിയ ചാരമാകും: ട്രംപ്

വാഷിങ്ടൻ∙ യുഎസിന്റെ ഭാഗത്തുനിന്നു ഏതെങ്കിലും സൈനിക നടപടി ഉണ്ടായാൽ ഉത്തര കൊറിയയെ ചാരമായി പോകുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പക്ഷേ, ഉത്തര കൊറിയയ്ക്കെതിരായ സൈനിക നടപടി യുഎസിന്റെ പ്രഥമ പരിഗണനയിലുള്ളതല്ല. ഉത്തര കൊറിയയുടെ ബാലിസ്റ്റിക്, ആണവായുധ പദ്ധതികളെ നേരിടുന്നതിനാണ് യുഎസ് ആദ്യം പരിഗണന നൽകുന്നത്. എന്നാൽ സൈനിക നടപടി സ്വീകരിക്കാനും യുഎസിന് മടിയില്ല, ഞങ്ങളുടെ സൈന്യം അതിനു പൂർണ സജ്ജമാണ്– ട്രംപ് കൂട്ടിച്ചേർത്തു.

ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നും ട്രംപും അടുത്തിടെയായി മൂർച്ചയേറിയ വാക്കുകൾ കൊണ്ടു പരസ്പരം പോർവിളിക്കുകയാണ്. സെപ്റ്റംബർ മൂന്നിന് ഉത്തര കൊറിയ നടത്തിയ ഹൈഡ്രജൻ ബോംബ് പരീക്ഷണമാണു സ്ഥിതി ഇത്രയും വഷളാക്കിയത്.

അതിനിടെ, അതിർത്തിക്കു സമീപം യുഎസ് ബോംബറുകൾ പറന്നതിനു പിന്നാലെ രാജ്യത്തിന്റെ കിഴക്കൻ തീരത്തേക്കു പോർ വിമാനങ്ങൾ മാറ്റി പ്രതിരോധ സംവിധാനങ്ങൾ ഉത്തര കൊറിയ ശക്തിപ്പെടുത്തിയിരുന്നു. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനുള്ള ശക്തമായ താക്കീതായാണ് അമേരിക്ക ബോംബർ വിമാനങ്ങളും പോർവിമാനങ്ങളും കിഴക്കൻ തീരത്തുകൂടെ പറത്തിയത്.

ആണവേതര ബോംബുകൾ വൻതോതിൽ വർഷിക്കാൻ കഴിയുന്ന യുഎസ് വിമാനങ്ങളാണ് ഉത്തര, ദക്ഷിണ കൊറിയകളെ വേർതിരിക്കുന്ന അതിർത്തിയിലെ സൈനികവിമുക്ത മേഖലയുടെ വടക്കേ അറ്റംവരെ പറന്നത്. ഈ നൂറ്റാണ്ടിൽ ആദ്യമായാണ് ഇത്രയും അടുത്തുവരെ യുഎസ് സേനാവിമാനങ്ങൾ പറക്കുന്നത്. ശാന്തസമുദ്രത്തിലെ യുഎസ് ദ്വീപായ ഗുവാമിലെ ആൻഡേഴ്സൺ എയർബേസിൽ നിന്നു വ്യോമസേനയുടെ ബി–1ബി ലാൻസർ ബോംബർ വിമാനങ്ങളും അതിന് അകമ്പടിയായി ജപ്പാനിലെ ഒക്കിനാവയിൽ നിന്ന് എഫ്–15സി ഈഗിൾ പോർവിമാനങ്ങളുമാണ് ഉത്തര കൊറിയയോടു ചേർന്നു പറന്നത്.