ഫ്രാൻസിലും കാനഡയിലും ഭീകരാക്രമണം; രണ്ടു മരണം, 5 പേർക്കു പരുക്ക്

മാഴ്സീൽ / ടൊറന്റോ∙ ഫ്രാന്‍സിലും കാനഡയിലുമുണ്ടായ ഭീകരാക്രമണങ്ങളിൽ രണ്ടു മരണം; അഞ്ചു പേർക്കു പരുക്കേറ്റു. ഫ്രാൻസിൽ മാഴ്സീൽ സെന്റ് ചാള്‍സ് റയില്‍വെ സ്റ്റേഷനിലും കാനഡയിൽ‌ രണ്ടിടങ്ങളിലുമാണ് ആക്രമണങ്ങളുണ്ടായത്. കത്തിയാക്രമണവും വാൻ ഇടിച്ചു കയറ്റിയുള്ള ആക്രമണവുമാണു നടന്നത്.

ഫ്രാൻസിലെ ആക്രമണത്തിൽ രണ്ടു സ്ത്രീകൾ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്ക് 1.45ന് ആയിരുന്നു സംഭവം. പ്രകോപനമൊന്നുമില്ലാതെ ഒരാൾ തന്റെ കോട്ടിനുള്ളിൽ നിന്നു കത്തിയെടുത്ത് സമീപത്തുണ്ടായിരുന്ന പെൺകുട്ടിയേയും യുവതിയേയും കുത്തിയതായി ദൃക്സാക്ഷിയായ സ്ത്രീ പറഞ്ഞു. സ്റ്റേഷനിൽ പട്രോളിങ് നടത്തിയിരുന്ന സുരക്ഷാ സൈനികർ ഓടിയെത്തി അക്രമിയെ വെടിവച്ചുവീഴ്ത്തി. തീവ്രവാദി ആക്രമണമാണെന്നു പൊലീസ് പറഞ്ഞു.

കാനഡയിൽ വ്യത്യസ്തമായ ആക്രമണങ്ങളിൽ ഒരു പൊലീസുകാരനും നാല് കാൽനട യാത്രക്കാർക്കും പരുക്കേറ്റു. ശനിയാഴ്ച വൈകിട്ടാണ് ആക്രമണങ്ങളുടെ തുടക്കം. എഡ്മോന്റൻ സിറ്റിയിലെ സ്റ്റേഡിയത്തിൽ കനേഡിയന്‍ ഫുട്ബോള്‍ ലീഗ് മത്സരത്തിനിടെ, അമിതവേഗത്തില്‍ എത്തിയ കാറില്‍നിന്നും ഒരാള്‍ പൊലീസുകാരനു നേരെ കത്തി വീശുകയായിരുന്നു. പരുക്കേറ്റ പൊലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊലീസ് ഓഫിസറെ കുത്തിയശേഷം രക്ഷപ്പെട്ട ഇയാൾ പിന്നീട് മറ്റൊരു വാഹനത്തിലെത്തി കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തി. അക്രമിയെ പൊലീസ് അറസ്റ്റുചെയ്തു. ആല്‍ബെര്‍ട്ട മേഖലയിലാണ് കാല്‍ നടയാത്രക്കാരെ ആക്രമിച്ചത്. വാന്‍ ഡ്രൈവറെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. കാറില്‍ നിന്നും ഐഎസിന്റെ പതാക ലഭിച്ചതായും ഭീകരാക്രമണമെന്ന നിലയ്ക്ക് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.