Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രമെഴുതി ഇന്ത്യക്കാരൻ ജഗ്‌മീത് സിങ്; കാനഡയിൽ പ്രധാനമന്ത്രി സ്ഥാനാർഥി

Jagmeeth Singh

ടൊറന്റോ∙ കാനഡയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടികളിലൊന്നിന്റെ നേതാവായി സിഖ് വംശജൻ. കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എൻഡിപി) മേധാവിയായാണ് അഭിഭാഷകനായ ജഗ്‌മീത് സിങ്ങിനെ (38) തിരഞ്ഞെടുത്തത്. ആദ്യമായാണ് വെളുത്ത വംശജനല്ലാത്തയാൾ കാനഡയിൽ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ തലപ്പത്ത് എത്തുന്നത്.

2019ല്‍ നടക്കുന്ന ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ജഗ്‍‌മീത് ട്വിറ്ററിൽ അറിയിച്ചു. എന്‍ഡിപിയുടെ നേതൃത്വത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനും ന്യൂനപക്ഷ വിഭാഗക്കാരനുമാണു ജഗ് മീത്. കാനഡയിൽ വെളുത്ത വംശജനല്ലാത്ത പ്രധാനമന്ത്രി സ്ഥാനാർഥി കൂടിയാവുകയാണ് ഇദ്ദേഹം.

പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ വിജയിച്ച ജഗ് മീതിന് ഒക്ടോബര്‍ എട്ടിന് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പ് ഒഴിവാക്കാനുമായി. ഒൻടാരിയോ പ്രവിശ്യയിലെ ജനപ്രതിനിധിയാണ് ജഗ്‍‌മീത്. കാനഡയിൽ ആകെയുള്ള 338 പാർലമെന്റ് സീറ്റിൽ 44 അംഗങ്ങളാണ് മൂന്നാം സ്ഥാനത്തുള്ള എൻഡിപിക്കുള്ളത്. പഞ്ചാബിൽനിന്നു കുടിയേറിയ ദമ്പതിമാർക്കു ജനിച്ച ജഗ്‌മീതിന്റെ പഠനവും പ്രവർത്തനവും കാനഡയിലായിരുന്നു.