ഒറ്റദിവസത്തിൽ അസമിലെ സർക്കാർ മെഡിക്കൽ കോളജിൽ മരിച്ചത് 8 നവജാതശിശുക്കൾ

Representational image

ഗുവാഹത്തി∙ ഒറ്റ ദിവസത്തിൽ അസം മെഡിക്കൽ കോളജിൽ മരിച്ചത് എട്ട് നവജാതശിശുക്കൾ. ബാർപെട്ടയിലെ ഫഖ്റുദ്ദിൻ അലി അഹമ്മദ് മെഡിക്കൽ കോളജ് ആശുപത്രിയിലാണു സംഭവം. ഉത്തർപ്രദേശിൽ അറുപതിലേറെ കുട്ടികൾ ഓക്സിജൻ ലഭിക്കാതെ മരിച്ചതിനു പിന്നാലെയുണ്ടായ ഈ സംഭവം അധികൃതരിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

ജനിച്ച് രണ്ടു മുതൽ നാലുദിവസം വരെ മാത്രം പ്രായമുള്ള അഞ്ച് കുഞ്ഞുങ്ങളാണ് ബുധനാഴ്ച മരിച്ചത്. വ്യാഴാഴ്ച മൂന്നു കുഞ്ഞുങ്ങളും ലോകത്തോട് വിടപറഞ്ഞു. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. അതേസമയം ആശുപത്രി അധികൃതർ സംഭവം നിഷേധിച്ചിട്ടുണ്ട്.

ജനിച്ചപ്പോൾ തന്നെ പല കുട്ടികൾക്കും തൂക്കം കുറഞ്ഞതുൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടായിരുന്നു. ഈ കുഞ്ഞുങ്ങളാണ് മരിച്ചത്. ഇക്കാര്യത്തിൽ ഡോക്ടർമാരുടെയോ ആശുപത്രി സ്റ്റാഫിന്റെയോ ഭാഗത്തു നിന്ന് പിഴവുണ്ടായിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് പ്രഫ.ഡോ.ദിലിപ് കുമാര്‍ ദത്ത പറഞ്ഞു.

ആശുപത്രിയിൽ നവജാതശിശുക്കൾക്കായുള്ള അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച കുഞ്ഞുങ്ങളാണ് മരിച്ചത്. ഒരു കുഞ്ഞിന് ഒരു കിലോയിൽ താഴെ മാത്രമായിരുന്നു ഭാരം. അമ്മമാരുടെ ആരോഗ്യക്കുറവും കുഞ്ഞുങ്ങളുടെ മരണത്തിനു കാരണമായിട്ടുണ്ട്. രണ്ട് പെൺകുട്ടികൾക്ക് 20 വയസ്സു മാത്രമായിരുന്നു പ്രായം. പ്രസവശേഷം ആശുപത്രിയിലെത്തിക്കാൻ വൈകിയതും മരണകാരണമായെന്ന് ആശുപത്രി സൂപ്രണ്ട് ന്യായീകരിക്കുന്നു.

ശരാശരി ഒന്നോ രണ്ടോ കുട്ടികൾ ഓരോ ദിവസവും മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിക്കുന്നുണ്ട്. മരണസംഖ്യ പെട്ടെന്ന് കൂടിയത് തികച്ചും യാദൃശ്ചികസംഭവമായി മാത്രമേ കാണാനാകൂവെന്നും സൂപ്രണ്ട് പ്രാദേശികമാധ്യമങ്ങളോട് പറഞ്ഞു.

ആരോഗ്യമന്ത്രിയും ആശുപത്രി അധികൃതർക്ക് അനുകൂലമായ സമീപനമാണു സ്വീകരിച്ചത്. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറോട് സംഭവത്തെപ്പറ്റി അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അസമിൽ 1000 കുട്ടികൾ ജനിക്കുമ്പോൾ അവരിൽ 44 പേർ മരിക്കുന്നുണ്ടെന്നാണ് ദേശീയ ആരോഗ്യമന്ത്രാലയം 2016ൽ പുറത്തിറക്കിയ റിപ്പോർട്ടിലുള്ളത്. 47 കുട്ടികൾ മരിക്കുന്ന മധ്യപ്രദേശാണ് ഇക്കാര്യത്തിൽ മുന്നിൽ. അസമിനോടൊപ്പം രണ്ടാം സ്ഥാനത്ത് ഒഡിഷയുമുണ്ട്. ഉത്തർപ്രദേശും രാജസ്ഥാനുമാണ് തൊട്ടുപിന്നാലെയുള്ള സ്ഥാനങ്ങളിൽ.