Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനത്ത മഴ തുടരുന്നു; മൈസൂരുവിലെ പെരിയപട്ടണയിൽ ഇടിമിന്നലേറ്റ് ആറു മരണം

lightning

മൈസൂരു∙ കാലികളെ മേയ്ക്കുന്നതിനിടെ ഇടിമിന്നലേറ്റ് മൈസൂരുവിൽ ആറു പേർ മരിച്ചു. പെരിയപട്ടണ താലൂക്കിലെ നന്ദിനാഥപുരയിൽ ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മൂന്നു പേർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവർ മൈസൂരുവിലെ കെ.ആർ.ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ രണ്ട് ദിവസമായി പെരിയപട്ടണയിൽ കനത്ത ഇടിയോടു കൂടിയ മഴ തുടരുകയാണ്. ഉച്ചയോടെ അൽപം വെയിൽ തെളിഞ്ഞതിനെത്തുടർന്ന് കാലിമേയ്ക്കാനെത്തിയ സംഘത്തിലെ ആറു പേർക്കാണ് ഇടിമിന്നലേറ്റത്. മഴ പെയ്തപ്പോൾ സമീപത്തെ ക്ഷേത്രത്തിൽ അഭയം തേടിയപ്പോഴായിരുന്നു സംഭവം. ആറു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.

സുജയ്,സുദീപ്, സുവർണമ്മ, ഉമേഷ്, തിമ്മെഗൗഡ, പുട്ടണ്ണയ്യ എന്നിവരാണ് മരിച്ചത്. നാഗേഷ്, മഹേഷ്, വിശ്വ എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ മുൻകരുതലെടുക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ഈ വർഷം മാർച്ച് മുതൽ ഇതുവരെ കർണാടകയിൽ കനത്ത മഴയിൽ 96 ജീവനുകൾ പൊലിഞ്ഞിരുന്നു. സംസ്ഥാനത്തെ 30 സംസ്ഥാനങ്ങളിൽ 23 ഇടത്തും മഴക്കെടുതിയിൽപ്പെട്ട് മരണം സംഭവിച്ചിട്ടുണ്ടെന്നും സർക്കാർ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.