ലോകകപ്പ് ഫുട്ബോൾ: ആദ്യ ജയം ഘാനയ്ക്ക്, തുർക്കിയെ തളച്ച് ന്യൂസീലൻഡ്

കൊളംബിയയെ തോൽപ്പിച്ച ഘാന ടീമംഗങ്ങളുടെ ആഹ്ലാദം. ചിത്രം: ജെ.സുരേഷ്

ഡൽഹി∙ ആഫ്രിക്കൻ കരുത്തുമായെത്തിയ ഘാനയ്ക്ക് ഇന്ത്യ ആതിഥ്യം വഹിക്കുന്ന അണ്ടർ 17 ലോകകപ്പിലെ ആദ്യ ജയം. ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലാറ്റിനമേരിക്കൻ കരുത്തുമായെത്തിയ കൊളംബിയയെയാണ് ഘാന തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അവരുടെ ജയം. 39–ാം മിനിറ്റിൽ സാദിഖ് ഇബ്രാഹിമാണ് ഫലം നിർണയിച്ച ഗോൾ നേടിയത്.

അതേസമയം, മുംബൈ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ കരുത്തരായ തുർക്കിയെ ന്യൂസീലൻഡ് സമനിലയിൽ തളച്ചു. ആദ്യ പകുതിയിൽ തുർക്കി ഒരു ഗോളിനു മുന്നിലായിരുന്നു. അഹമ്മദ് കുറ്റുസു 18–ാം മിനിറ്റിലാണ് തുർക്കിയ്ക്കു ലീഡ് സമ്മാനിച്ചത്. 58–ാം മിനിറ്റിൽ ന്യൂസീലൻഡ് ക്യാപ്റ്റൻ മാക്സ് മാട്ട സമനില ഗോൾ നേടി. ഇതിനു പിന്നാലെ രണ്ടാം മഞ്ഞക്കാർഡ് കണ്ട മാട്ട പുറത്തുപോയത് ഈ മൽസരത്തിൽ തിരിച്ചടിച്ചില്ലെങ്കിലും വരും മൽസരങ്ങളിൽ അവർക്കത് തിരിച്ചടിക്കാനാണിട.

Read More : അണ്ടർ 17 ലോകകപ്പ് സെപ്ഷൽ

ആശംസകളുമായി മോദിയും സച്ചിനും

അണ്ടര്‍-17 ഫുട്ബോള്‍ ലോകകപ്പിനായി ഇന്ത്യയിലെത്തിയ ടീമുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയാശംസ. മല്‍സരങ്ങള്‍ ദൃശ്യവിരുന്നൊരുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു 

അണ്ടര്‍-17 ഫുട്ബോള്‍ ലോകകപ്പിൽ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന് ആശംസയുമായി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. സ്വപ്നങ്ങളെ പിന്തുടര്‍ന്നാല്‍ അത് യാഥാര്‍ഥ്യമാകുമെന്ന സന്ദേശത്തോടെയാണ് സച്ചിന്‍ ട്വിറ്ററില്‍ ആശംസ നേര്‍ന്നത്.