സിനിമയ്ക്കു വേണ്ടിയല്ലാതെ ആ‍ഞ്ചലീന ജോളി ചാരവനിതയായത് എന്തിന് ?

ലണ്ടൻ∙ ക്യാമറയ്ക്കു മുന്നിൽ ചാരവനിതയുടെ വേഷങ്ങൾ അഭിനയിച്ചു കയ്യടി നേടിയ ഹോളിവുഡ് താരം ആഞ്ചലീന ജോളി ശരിക്കും ചാരവനിതയോ? ഉഗാണ്ടയിലെ കൊടുംകുറ്റവാളി ജോസഫ് കോണിയെ പിടികൂടാനുള്ള രാജ്യാന്തര അന്വേഷണ ഉദ്യോഗസ്ഥരുടെ പദ്ധതിയിൽ ആഞ്ചലീന ജോളിയും ഭാഗമായിരുന്നെന്നാണു വെളിപ്പെടുത്തൽ. രാജ്യാന്തര ക്രിമിനൽ കോടതിയുടെ (ഐസിസി) ഇമെയിലുകൾ ചോർത്തി ഫ്രഞ്ച് മാധ്യമം ‘മീഡിയപാർട്ട്’ ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. അതേസമയം, എന്തുകൊണ്ടോ പദ്ധതി പ്രാവർത്തികമായില്ലെന്നു യുകെ മാധ്യമം ടൈംസ് റിപ്പോർട്ട് ചെയ്തു. ജോസഫ് കോണിയെ ഇതുവരെ അറസ്റ്റ് ചെയ്യാനുമായിട്ടില്ല.

ആഞ്ചലീന ജോളിയും ബ്രാഡ് പിറ്റും (ഫയൽ ചിത്രം)

രാജ്യാന്തര കോടതിയുടെ മുൻ ചീഫ് പ്രോസിക്യൂട്ടർ ലൂയി മോറെനോ ഒകാംപോയാണു കോണിയെ ഒളിയിടത്തിൽനിന്നു പുറത്തുചാടിക്കാൻ ആഞ്ചലീന ജോളിയെ സമീപിച്ചതെന്നു മീഡിയപാർട്ടിന്റെ വാർത്ത പങ്കിട്ട് സൺഡേ ടൈംസ് മാധ്യമം വെളിപ്പെടുത്തി. കോണിയെ അറസ്റ്റ് ചെയ്യുന്നതിൽ സഹായിക്കാൻ ആഞ്ചലീന തയാറായിരുന്നുവെന്നാണ് ഇമെയിലിൽ ഒകാംപോ പറയുന്നത്. ആഞ്ചലീനയുടെ ഭർത്താവായിരുന്ന ബ്രാഡ് പിറ്റും ചിലപ്പോൾ പദ്ധതിയുടെ ഭാഗമായേക്കുമെന്നാണ് ഒകാംപോ പറയുന്നത്. ഇരുവരും അന്നു വിവാഹമോചനം നേടിയിരുന്നില്ല.

ആഞ്ചലീനയുടെ പദ്ധതി ഇങ്ങനെ

ആഞ്ചലീനയെയും ബ്രാഡ് പിറ്റിനെയും യുഎസ് സ്പെഷൽ ഫോഴ്സസ് സൈനികരെയും ഉൾപ്പെടുത്തിയാണു കോണിയെ ഒളിയിടത്തിൽനിന്നു ചാടിക്കാൻ പദ്ധതിയൊരുക്കിയത്. ഒരു സ്വകാര്യ അത്താഴവിരുന്നിനു കോണിയെ ക്ഷണിച്ച് അവിടെവച്ചു പിടികൂടാമെന്ന നിർദേശം ആഞ്ചലീന നടത്തിയെന്ന് ഒകാംപോയുടെ ഇമെയിലിൽ പറയുന്നു. ബ്രാഡ് ഇതിനെ പിന്തുണയ്ക്കുന്നുണ്ടെന്നും കാര്യങ്ങൾ എങ്ങനെ നടപ്പാക്കണമെന്നു സംസാരിക്കാമെന്നും അവർ അറിയിച്ചതായും ഇമെയിലിൽ പറയുന്നുണ്ട്.

അതേസമയം, സംഭവത്തെക്കുറിച്ചു പ്രതികരിക്കാൻ ആഞ്ചലീന തയാറായിട്ടില്ല. 2016 സെപ്റ്റംബറിലാണ് ആഞ്ചലീന ജോളിയും ബ്രാഡ് പിറ്റും പിരിഞ്ഞത്. ഐക്യരാഷ്ട്ര സംഘടനയുടെ അഭയാർഥികൾക്കായുള്ള യുഎൻഎച്ച്സിആറിന്റെ പ്രത്യേക ദൗത്യവാഹക കൂടിയാണ് ആഞ്ചലീന.

2010ൽ നൈറ്റ്‌ലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ, ഒറ്റയ്ക്കൊരു മുറിയിൽക്കിട്ടിയാൽ കോണിയെപ്പോലുള്ള ചിലയാളുകളെ ‘പിടികൂടാൻ’ താൽപ്പര്യമുണ്ടെന്ന് ആഞ്ചലീന സൂചിപ്പിച്ചിരുന്നു. ആക്‌ഷൻ സിനിമകളുടെ മുതൽക്കൂട്ടായ ആഞ്ചലീനയുടെ പ്രതികരണത്തെ സിനിമയിലെ കഥാപാത്രത്തിൽനിന്നുള്‍ക്കൊണ്ട ആവേശമായി മാത്രമേ ലോകം കണ്ടിരുന്നുള്ളൂ. 2012ൽ ടെലഗ്രാഫിനു നൽകിയ അഭിമുഖത്തിലും ക്രൂരനായ മനുഷ്യനാണു കോണിയെന്ന് ആഞ്ചലീന വിശേഷിപ്പിച്ചിരുന്നു.

ആഞ്ചലീന ജോളി കുട്ടികൾക്കൊപ്പം (ഫയൽ ചിത്രം)

ആരാണ് ജോസഫ് കോണി ?

ജോസഫ് കോണി (ഫയൽ ചിത്രം)

ഉഗാണ്ടയിലെ ഗറില്ലാ ഗ്രൂപ്പായ ലോർഡ്സ് റെസിസ്റ്റൻസ് ആർമി എന്ന സംഘടനയുടെ തലവനാണു കോണി. ഗറില്ലാ സൈന്യത്തിലേക്കു കുട്ടികളെ റിക്രൂട്ട് ചെയ്യുകയും ലൈംഗിക അടിമകളാക്കുകയും ചെയ്തതിനെത്തുടർന്ന് 2005ൽ യുദ്ധക്കുറ്റവാളിയായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുവരെ പിടികൂടാനായില്ല.

ആദ്യം സർക്കാരിന്റെ അടിച്ചമർത്തലിനെതിരെ തുടങ്ങിയ വിമത പ്രസ്ഥാനം പിന്നീടു കോണിയെ പിന്തുണയ്ക്കുന്നവരുടെ സംഘടനയായി മാറുകയായിരുന്നു. ദൈവത്തിന്റെ അവതാരമാണു താനെന്നാണു കോണിയുടെ അവകാശവാദം. 1986 മുതൽ 2009 വരെ 66,000 കുട്ടികളെ കോണി സൈന്യത്തിൽ ചേർത്തിട്ടുണ്ടെന്നാണു കണക്ക്.