എംജി സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ ഡോ. വി.സി.ഹാരിസ് അന്തരിച്ചു

കോട്ടയം∙ ചിന്തകനും നിരൂപകനും നാടകപ്രവർത്തകനും എംജി സർവകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടറുമായ ഡോ.വി.സി.ഹാരിസ് (59) നിര്യാതനായി. വാഹനാപകടത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 11.30ഓടെയായിരുന്നു അന്ത്യം.

ഒട്ടേറെ നാടകങ്ങളുടെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സാഹിത്യ–ചലച്ചിത്ര നിരൂപകൻ എന്ന നിലയിലും പ്രശസ്തനായിരുന്നു. ഒട്ടേറെ പുസ്തകങ്ങളും വിവർത്തനം ചെയ്തിട്ടുണ്ട്. സിനിമ വിഷയമാക്കിയിട്ടുള്ള ടെലിവിഷൻ പരിപാടികളും അവതരിപ്പിച്ചു. 

കേരള ചലച്ചിത്ര അക്കാദമിയിലും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസിന്റെ നിർവാഹക സമിതിയിലും അംഗമായിരുന്നു. 1958 ജൂലൈ 29ന് മയ്യഴിയിൽ ജനിച്ചു. കണ്ണൂർ എസ്എൻ കോളജിലും കാലിക്കറ്റ് സർവകലാശാല ഇംഗ്ലിഷ് വിഭാഗത്തിലും ഉപരിപഠനം. കോഴിക്കോട് ഫറൂഖ് കോളജ് അധ്യാപകനായിരുന്നു.

കഴിഞ്ഞ ദിവസം യാത്രയ്ക്കിടെ കുഴഞ്ഞു വീണ് തലയ്ക്കു പരുക്കേറ്റാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സർവകലാശാല ക്യാംപസിൽ പൊതുദർശനത്തിനു വയ്ക്കും.