മെസിയിസം ചിറകുവിരിച്ചു; ഇക്വഡോറിനെ 3–1ന് തകർത്ത് അർജന്റീന ലോകകപ്പിലേക്ക്

ക്വി​റ്റോ∙ ലോകമാകെയുള്ള ആരാധകർ നെഞ്ചിടിപ്പോടെ, പ്രാർഥനാപൂർവം കാത്തിരുന്നത് വെറുതെയായില്ല. ഫുട്ബാളിന്റെ മിശിഹാ ലയണൽ മെസി നിറഞ്ഞാടിയപ്പോൾ, നഷ്ടപ്പെട്ടെന്നു കരുതിയ കളി അർജന്റീന രാജകീയമായി തിരികെപ്പിടിച്ചു. അടുത്ത വർഷം റഷ്യയിൽ നടക്കുന്ന ലോകകപ്പിൽ കളിക്കാൻ മുൻ ലോകചാംപ്യൻമാരായ അർജന്റീന യോഗ്യത നേടി.

Read: ആ മുൾക്കിരീടം ഒടുവിൽ ചിലെയ്ക്ക്...

തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിലെ നിർണായക മത്സരത്തിൽ ഇക്വഡോറിനെ അവരുടെ തട്ടകത്തിൽ 3–1ന് തകർത്താണു അർജന്റീനയുടെ ഉയിർത്തെഴുന്നേൽപ്. കളിയിലുടനീളം മേധാവിത്വം പുലർത്തിയ അർജന്റീന, മെസിയുടെ ഹാട്രിക് ഗോളിന്റെ തിളക്കത്തിലാണു വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ 2-1ന് മുന്നിട്ടു നിന്ന അർജന്‍റീന രണ്ടാം പകുതിയിൽ ഒരുവട്ടം വട്ടംകൂടി ഇക്വഡോർ വലകുലുക്കിയപ്പോൾ നിയോഗം പൂർ‌ത്തിയാക്കിയ നിർവൃതിയിൽ മെസിയും കൂട്ടരും ആഹ്ലാദാരവം മുഴക്കി. സ്വന്തം രാജ്യത്തിനുവേണ്ടി മികച്ച കളി പുറത്തെടുക്കാറില്ലെന്ന വിമർശനത്തിന്റെ മുനയൊടിക്കുന്നതായിരുന്നു മെസിയുടെ ഗോളുകൾ.

ഗോളുകൾ പിറന്നതിങ്ങനെ

ആദ്യ മിനിട്ടില്‍ തന്നെ ഗോളടിച്ച് ഇക്വഡോര്‍ അര്‍ജന്റീനയെ ഞെട്ടിച്ചിപ്പോൾ, എണ്ണം പറഞ്ഞ മൂന്നു ഗോളുകളിലൂടെയാണ് അർജന്റീന മറുപടി നൽകിയത്. കളി തുടങ്ങി 38–ാം സെക്കൻഡില്‍ തന്നെ ഇബാറ റൊമാരിയോ ഇക്വഡോറിനെ ഒരു ഗോളിനു മുന്നിലെത്തിച്ചു.

ആദ്യം പതറിയെങ്കിലും വിജയതൃഷ്ണയോടെ ആയിരുന്നു അർജന്റീന പന്തുതട്ടിയത്. 12-ാം മിനുട്ടില്‍ എയ്ഞ്ചല്‍ ഡി മരിയക്ക് കൊടുത്തുവാങ്ങിയ പന്ത് ഗോളാക്കി മെസി ടീമിനെ ഒപ്പമെത്തിച്ചു. 20-ാം മിനുട്ടില്‍ എതിര്‍താരത്തിന്റെ കാലില്‍നിന്നു തട്ടിയെടുത്ത് പന്തുമായി ബോക്‌സില്‍ കയറിയ മെസി ഉഗ്രൻ ഷോട്ടിലൂടെ വീണ്ടും വലകുലുക്കി. 62-ാം മിനുട്ടില്‍ പ്രതിരോധക്കാരെ കബളിപ്പിച്ച് മുന്നേറി ഗോള്‍കീപ്പറുടെ തലയ്ക്കു മുകളിലൂടെ പന്തിനെ വലയിലേക്കയച്ച് അര്‍ജന്റീനയുടെ ലോകകപ്പ് പ്രവേശനം ഉറപ്പിച്ചു.

മൽസരങ്ങളുടെ നില

മറ്റു മല്‍സരങ്ങളില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കു ബ്രസീല്‍ ചിലെയെ തോല്‍പ്പിച്ചു. പെറു– കൊളംബിയ മല്‍സരം ഓരോ ഗോള്‍ സമനിലയിൽ അവസാനിച്ചു. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കു യുറഗ്വായ് ബൊളീവിയയേയും എതിരില്ലാത്ത ഒരു ഗോളിന് പാരഗ്വായ് വെനസ്വേലയേയും തോല്‍പ്പിച്ചു.

മൂന്നാം സ്ഥാനക്കാരായാണു മെസിയും സംഘവും റഷ്യയിലേക്കു യോഗ്യത നേടിയത്. പെറുവുമായി സമനില പാലിച്ച കൊളംബിയ നാലാം സ്ഥാനക്കാരായി നേരിട്ട് യോഗ്യത നേടി. ബൊളീവിയയെ 4-2ന് തകര്‍ത്ത് യുറുഗ്വേ രണ്ടാം സ്ഥാനത്തെത്തി. ചിലെയുടെ ലോകകപ്പ് മോഹങ്ങൾ അവസാനിച്ചു. പ്ലേഫ് ഓഫ് നേടിയ പെറു, നവംബറിൽ ന്യൂസിലൻഡുമായി കളിക്കണം.

ഗബ്രിയേല്‍ ജീസസ് രണ്ടു തവണയും പൗളിഞ്ഞോ ഒരു വട്ടവും ഗോളടിച്ചാണു ചിലെയ്ക്കെതിരെ മികച്ച ജയം നേടാന്‍ ബ്രസീലിനെ സഹായിച്ചത്. 55, 57, 93 മിനിട്ടുകളിലായിരുന്നു ബ്രസീൽ വല കുലുക്കിയത്. ലൂയിസ് സുവാരസിന്റെ ഇരട്ട ഗോളുകളാണ് ബൊളീവിയക്കെതിരെ യുറുഗ്വായ്ക്ക് ജയമൊരുക്കിയത്. 24-ാം മിനുട്ടില്‍ ഗാസ്റ്റന്‍ സില്‍വയുടെ സെൽഫ് ഗോളിൽ പിന്നിലായ യുറുഗ്വായ്ക്കുവേണ്ടി 39-ാം മിനുട്ടില്‍ കാസറസ് ഗോള്‍ മടക്കി. 42-ാം മിനുട്ടില്‍ കവാനി ലീഡുയര്‍ത്തി. 60, 76 മിനുട്ടുകളിൽ സുവാരസിന്റെ ഇരട്ട ഗോൾ പിറന്നു. 79-ാം മിനുട്ടില്‍ ഡീഗോ ഗോഡിന്റെ സെൽഫ് ഗോൾ കിട്ടിയെങ്കിലും മത്സരം 4-2 ന് യുറുഗ്വായ് സ്വന്തമാക്കി. ലോകകപ്പ് യോഗ്യതക്ക് വിദൂര സാധ്യതയുണ്ടായിരുന്ന പാരഗ്വേയെ വെനിസ്വെല അട്ടിമറിച്ചു. 84-ാം മിനുട്ടില്‍ യാങ്കല്‍ ഹെരേരയാണ് ഗോള്‍ നേടിയത്.

ആവേശമേറ്റി അർജന്റീന

ഫുട്ബോൾ പ്രേമികളുടെ ആവേശങ്ങളെ നിരാശപ്പെടുത്തുന്നതായിരുന്നു യോഗ്യതാ റൗണ്ടിൽ അർജന്റീനയുടെ കളികളെല്ലാം. സ്വന്തം തട്ടകമായ ബ്യൂനസ് ഐറിസിലെ ആരാധകരുടെ മുൻപിൽ പെറുവിനോടും ഗോൾരഹിത സമനില വഴങ്ങിയതോടെ അർജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകൾ തുലാസിലായിരുന്നു. കളിക്കു മുൻപ് തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ നാലാം സ്ഥാനത്തായിരുന്നു പെറു; അർജന്റീന അഞ്ചാമതും. എന്നാൽ കളി കഴിഞ്ഞതോടെ അർ‌ജന്റീന ആറാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

തുടര്‍ച്ചയായ മൂന്നാം സമനിലയോടെ മേഖലയിൽ‌ ആറാം സ്ഥാനത്തായ അര്‍ജന്റീനയ്ക്ക് ഇക്വഡോറിനെതിരെ മികച്ച ജയം മാത്രമായിരുന്നു മുന്നിലുണ്ടായിരുന്ന ഏകവഴി. കോച്ച് സാംപോളിയുടെ നേതൃത്വത്തിൽ ജയിക്കാനുള്ള സകല അടവുകളും അർജന്റീന പരിശീലിച്ചു. ഇക്വഡോറിൽ മുൻപു നടന്നിട്ടുള്ള യോഗ്യതാ മൽസരങ്ങളിൽ മൂന്നിൽ രണ്ടെണ്ണത്തിൽ തോൽവിയായിരുന്നു എന്ന കണക്കൊന്നും മെസിയെയും കൂട്ടരെയും ബാധിച്ചില്ല. 2001ൽ ഇക്വഡോർ തലസ്ഥാനമായ ക്വിറ്റോയിൽ നടന്ന ലോകകപ്പ് യോഗ്യതാ മൽസരത്തിൽ വിജയിച്ചതിന്റെ സ്മരണ പുതുക്കുകയായിരുന്നു ബുധനാഴ്ച രാവിലെ (ഇന്ത്യൻ സമയം) അർജന്റീന ചെയ്തത്.

യോഗ്യതാ റൗണ്ടിൽനിന്നു നാലു ടീമുകൾ‌ക്കാണു ലോകകപ്പിനു നേരിട്ടു യോഗ്യത ലഭിക്കുക. അഞ്ചാം സ്ഥാനക്കാർക്കു പ്ലേ ഓഫ് കളിച്ചു യോഗ്യത ഉറപ്പിക്കാം. 17 മൽസരങ്ങളിൽനിന്നു വെറും ആറു ഗോളുകൾ മാത്രമാണു മെസ്സിയുടെ ടീം നേടിയിരുന്നത്. കണക്കുകളെല്ലാം തെറ്റിച്ചു ഗോളുകൾ അടിച്ചുകൂട്ടി എങ്ങനെയും ജയിക്കുക എന്ന തന്ത്രമാണ് അർജന്റീന, ഇക്വഡോറിനെതിരെ പയറ്റിവിജയിച്ചത്.