Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അദ്ഭുതങ്ങളില്ല; മൂന്നാം തോൽവിയുമായി ഇന്ത്യ ലോകകപ്പിനു പുറത്ത്

Dheeraj Moirangthem തോൽവിയുടെ നിരാശയിൽ മൈതാനത്തിരിക്കുന്ന ഇന്ത്യൻ ഗോൾകീപ്പർ ധീരജ് സിങ്ങിനെ ആശ്വസിപ്പിക്കുന്ന ഒഫീഷ്യൽ.

ന്യൂഡൽഹി ∙ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. കന്നി ലോകകപ്പിലെ മൂന്നാം മൽസരത്തിൽ രണ്ടു തവണ ലോകചാംപ്യൻമാരായ ഘാനയോടും തോൽവി വഴങ്ങിയ ഇന്ത്യ പ്രീക്വാർട്ടർ കാണാതെ പുറത്തായി. എറിക് അയ്ഹ മൽസരത്തിന്റെ ഇരുപകുതികളിലുമായി നേടിയ ഗോളുകളാണ് മല്‍സരത്തിലെ ഹൈലൈറ്റ്. ആദ്യ പകുതിയിൽ ഇന്ത്യ ഒരു ഗോളിനു പിന്നിലായിരുന്നു. രണ്ടാം പകുതിയിൽ പകരക്കാരായി കളത്തിലിറങ്ങിയ റിച്ചാർഡ് ഡാന്‍സോ (86), ഇമ്മാനുവൽ ടോകു (87) എന്നിവർ ഗോൾപട്ടിക പൂർത്തിയാക്കി.

തുടർച്ചയായ രണ്ടാം വിജയത്തോടെ ഘാന പ്രീക്വാർട്ടറിൽ കടന്നു. എ ഗ്രൂപ്പ് ചാംപ്യൻമാരായാണ് ഘാനയുടെ മുന്നേറ്റം. ഘാന, കൊളംബിയ, യുഎസ്എ ടീമുകൾക്ക് ആറു പോയിന്റു വീതമാണെങ്കിലും ഗോൾ ശരാശരിയിലെ മികവാണ് ഘാനയെ ഒന്നാമതെത്തിച്ചത്. ഇന്നു നടന്ന രണ്ടാം മൽസരത്തിൽ യുഎസ്എയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു തോൽപ്പിച്ച കൊളംബിയ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ‌ കടന്നു. ആറു പോയിന്റുള്ള യുഎസ്എയും മികച്ച നാലു മൂന്നാം സ്ഥാനക്കാർക്കൊപ്പം പ്രീക്വാർട്ടറിൽ കടക്കാനാണ് സാധ്യത.

India Ghana Soccer

ആദ്യ മൽസരത്തിൽ യുഎസിനോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോറ്റ ഇന്ത്യ, രണ്ടാം മൽസരത്തിൽ കൊളംബിയയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കും തോൽവി വഴങ്ങിയിരുന്നു. മൂന്നാം മൽസരത്തിൽ ഘാനയോട് 4–0നും തോറ്റതോടെ ടൂർണമെന്റിലാകെ ഇന്ത്യ വഴങ്ങിയ ഗോളുകളുടെ എണ്ണം ഒൻപതായി. വഴങ്ങിയ ഗോളുകളുടെ നിരാശയേക്കാൾ, ലോകകപ്പ് ചരിത്രത്തിലിടം പിടിച്ച കൊളംബിയയ്ക്കെതിരായ ഗോളിന്റെ മധുരിക്കുന്ന ഓർമകളുമായാണ് ഇന്ത്യയുടെ മടക്കം.

ആക്രമണം നിറം പകർന്ന ആദ്യപകുതി

രണ്ടു തവണ ലോകകപ്പ് നേടിയ ടീമാണെന്ന ഭയമൊന്നും ഇല്ലാതെയായിരുന്നു ഡൽഹി ജവർഹർലാൽ നെഹ്റു സ്റ്റേ‍ഡിയത്തിൽ ഘാനയ്ക്കെതിരെ ഇന്ത്യയുടെ പടയൊരുക്കം. കൊളംബിയയ്ക്കെതിരായ മൽസരത്തിൽ കാഴ്ചവച്ച ആക്രമണ ഫുട്ബോളിന്റെ തുടർച്ചയായിരുന്നു ഘാനയ്ക്കെതിരെ ഇന്ത്യൻ കുട്ടിപ്പട പുറത്തെടുത്തത്. 4–5–1 എന്ന പതിവുശൈലിയിലാണ് നോർട്ടൻ ഡി മാറ്റോസ് ടീമിനെ അണിനിരത്തിയത്.

മികച്ച മുന്നേറ്റങ്ങൾ സംഘടിപ്പിക്കാനായെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയാണ് ഇന്ത്യയ്ക്ക് വിനയായത്. ആദ്യ ഗോൾ നേടും വരെ ഫിനിഷിങ്ങിൽ ഘാന താരങ്ങളും പിന്നാക്കം പോയി. ഗോളിനു മുന്നിൽ ധീരജ് സിങ്ങും വലതു വിങ്ങിൽ ബോറിസ് സിങ്ങും നടത്തിയ പ്രകടനം അരലക്ഷത്തോളം വരുന്ന കാണികളെ ആവേശം കൊള്ളിച്ചു. 42 മിനിറ്റും കെട്ടുപൊട്ടിക്കാതെ നിന്ന ഇന്ത്യൻ പ്രതിരോധത്തിന്റെ ചെറു പിഴവാണ് ഘാനയുടെ ആദ്യ ഗോളിലേക്കു വഴിതുറന്നത്.

India Ghana

43–ാം മിനിറ്റിൽ എറിക് അയ്ഹയാണ് ഗോൾ നേടിയത്. വലതുവിങ്ങിൽ പന്തുമായി മുന്നേറിയ സാദിഖ് ഇബ്രാഹിമിനെ തടയുന്നതിൽ ഇന്ത്യൻ പ്രതിരോധം വരുത്തിയ പിഴവിന് ഇന്ത്യ കൊടുത്ത വിലയായിരുന്നു ആ ഗോൾ. പോസ്റ്റിനു സമാന്തരമായുള്ള സാദിഖിന്റെ ഷോട്ട് ഇന്ത്യൻ ഗോൾകീപ്പർ ധീരജ് സിങ് തടുത്തിട്ടെങ്കിലും പന്ത് നേരെ എറിക് അയ്ഹയിലേക്ക്. പിഴയ്ക്കാത്ത ഷോട്ടുമായി എറിക്കിന്റെ ഫിനിഷിങ്. സ്കോർ: 1–0. ഇത് സ്കോറിൽ ഇടവേള.

ഇന്ത്യ ക്ഷീണിച്ച രണ്ടാം പകുതി, കരുത്തോടെ ഘാന

രണ്ടാം പകുതിയിൽ ഘാന യഥാർഥ ഘാനയായി. രണ്ടു തവണ ലോകകപ്പ് നേടിയത് വെറുതെയല്ലന്ന് തെളിയിക്കുന്ന പ്രകടനവുമായി ഘാന താരങ്ങൾ കളം നിറഞ്ഞതോടെ ഇന്ത്യ ക്ഷീണിച്ചു. ആദ്യ പകുതിയിൽ മികച്ച മുന്നേറ്റങ്ങൾ സംഘടിപ്പിച്ച ഇന്ത്യയ്ക്ക് രണ്ടാം പകുതിയിൽ പ്രതിരോധിക്കാൻ മാത്രമെ സമയമുണ്ടായിരുന്നുള്ളൂ.

52–ാം മിനിറ്റിൽ എറിക് അയ്ഹയിലൂടെ ഘാന രണ്ടാം ഗോളും നേടി. വലതുവിങ്ങിൽ ആര്‍ക്കോ മെൻസയുടെ മുന്നേറ്റത്തിന് ജിതേന്ദ്ര സിങ് തടയിട്ടെങ്കിലും പന്തു വീണ്ടും മെൻസയിലേക്ക്. ഇക്കുറി പന്തു നേരെ അയ്ഹയ്ക്കു മറിച്ച മെൻസയ്ക്കു പിഴച്ചില്ല. അയ്ഹയുടെ പിഴവറ്റ ഷോട്ട് റോക്കറ്റ് വേഗത്തിൽ ഇന്ത്യൻ പോസ്റ്റിൽ. സ്കോർ 2–0. സമനില ഗോളിനായി സമ്മർദ്ദം ചെലുത്തി കളിച്ച ഇന്ത്യൻ താരങ്ങളെയും ആരാധകരെയും ഞെട്ടിച്ച ഗോൾ.

India Ghana Soccer Under 17 WCUP

കൂടുതൽ ഗോളുകൾ നേടാനുള്ള ഘാന താരങ്ങളുടെ ശ്രമങ്ങളെ കൂട്ടത്തോടെ പ്രതിരോധിക്കുന്നതായിരുന്നു തുടർന്നുള്ള കാഴ്ച. ഇടയ്ക്ക് നോങ്ദാംബ നവോറത്തിനു പകരം നിൻതോയിംഗാൻബ മീട്ടെയെയും ക്യാപ്റ്റൻ അമർജിത് സിങ് കിയാമിനു പകരം റഹിം അലിയെയും അനികേത് ജാദവിനു പകരം ലാലെംഗ്‌മാവിയയെയും ഇറക്കി ഇന്ത്യൻ പരിശീലകൻ നോർട്ടൻ ഡി മാറ്റോസ് മാറ്റത്തിനു ശ്രമിച്ചെങ്കിലും ഒന്നും കളത്തിൽ ഫലം കണ്ടില്ല. ഇടയ്ക്ക് മലയാളി താരം കെ.പി. രാഹുലും പകരക്കാരൻ ലാലെംഗ്‌മാവിയയും തൊടുത്ത ഷോട്ടുകൾ ഘാന ഗോൾകീപ്പർ അനായാസം കയ്യിലൊതുക്കി.

മൽസരം അവസാനിക്കാൻ ഏതാനും മിനിറ്റുകൾ ബാക്കി നിൽക്കെ രണ്ടു മിനിറ്റിനിടെ രണ്ടു ഗോളടിച്ച് ഘാന മൽസരം പൂർണമായും സ്വന്തം വരുതിയിലാക്കി. പകരക്കാരായെത്തിയ റിച്ചാർഡ് ഡാൻസോ 86–ാം മിനിറ്റിലും ഇമ്മാനുവൽ ടോകു 87–ാം മിനിറ്റിലും ഘാനയ്ക്കായി സ്കോർ ചെയ്തു. കൂടുതൽ ഗോളുകൾ വഴങ്ങാതെ പിടിച്ചുനിന്നെങ്കിലും കന്നി ലോകകപ്പിൽ ഒരു വിജയം പോലും സ്വന്തമാക്കാനാകാതെ ഇന്ത്യയ്ക്ക് മടക്കം.