ഗാന്ധിവധം: ലാഭമുണ്ടാക്കിയത് കോൺഗ്രസാണെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി

അഹമ്മദാബാദ്∙ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊലപാതകത്തിൽ നിന്ന് ലാഭമുണ്ടാക്കിയത് കോൺഗ്രസ് പാർട്ടിയാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഉമാഭാരതി. സ്വാതന്ത്ര്യത്തിനു ശേഷം കോൺഗ്രസ് പിരിച്ചുവിടണമെന്നാണ് മഹാത്മാ ഗാന്ധി പറഞ്ഞത്. പുതിയൊരു രാഷ്ട്രീയ പാർട്ടി ഉയർന്നു വരണമെന്നും നിർദേശിച്ചു. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്. അതുകൊണ്ടു തന്നെ ഗാന്ധി വധത്തിൽ ലാഭം കോൺഗ്രസിനാണെന്നും ഉമാഭാരതി ആരോപിച്ചു. ഗുജറാത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റു ഗാന്ധി കൊല്ലപ്പെട്ടതു മുതൽ ഈ വിഷയത്തിൽ പ്രശ്നങ്ങളുണ്ട്. ജനസംഘത്തിന്റെയും ആർഎസ്എസിന്റെയും പ്രതിഛായയ്്ക്ക് സംഭവത്തിനു ശേഷം മങ്ങലുണ്ടായി. അവരെല്ലാ ഏറെ ‘അനുഭവിക്കേണ്ടി’ വന്നെന്നും ഉമാഭാരതി പറഞ്ഞു. 

ഗാന്ധി വധക്കേസ് പുനഃരന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി പരിഗണിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഉമാഭാരതിയുടെ പ്രതികരണം. പുനഃരന്വേഷണത്തിന് എന്തെങ്കിലും സാധ്യതയുണ്ടോയെന്നു പരിശോധിക്കാനായി അമിക്കസ് ക്യൂറിയെയും കോടതി നിയോഗിച്ചിരിക്കുകയാണ്.

മുംബൈയിലെ ഗവേഷകനും അഭിനവ് ഭാരത് സംഘടനയുടെ ട്രസ്റ്റിയുമായ പങ്കജ് ഫഡ്നിസാണ് ഗാന്ധി വധത്തിൽ പുനഃരന്വേഷണം വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. 1948 ജനുവരി 30നാണ് ഗോഡ്സെയുടെ വെടിയേറ്റ് മഹാത്മാ ഗാന്ധി കൊല്ലപ്പെടുന്നത്.