ബ്രെക്സിറ്റ് ചർച്ചകൾ സ്തംഭനാവസ്ഥയിൽ; തർക്കം നഷ്ടപരിഹാരത്തുകയെക്കുറിച്ച്

ലണ്ടൻ∙ ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബ്രെക്സിറ്റ് ചർച്ചകൾ സ്തംഭനാവസ്ഥയിൽ. അഞ്ചാം റൗണ്ട് ചർച്ചകൾക്കുശേഷം യൂറോപ്യൻ യൂണിയന്റെ പ്രതിനിധിയായ ചീഫ് നെഗോഷ്യേറ്റർ മൈക്കിൾ ബാർണിയർ തന്നെയാണു ചർച്ചകൾ സ്തംഭനാവസ്ഥയിലാണെന്നു വ്യക്തമാക്കിയത്. ബ്രിട്ടൻ ആഗ്രഹിക്കുന്ന രീതിയിൽ ഇനി ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നായിരുന്നു ബാർണിയറുടെ പ്രതികരണം. എന്നാൽ വ്യാപാര ഉടമ്പടി സംബന്ധിച്ച ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാനാകുമെന്നാണ് ഇപ്പോഴും തന്റെ പ്രതീക്ഷയെന്നു ചർച്ചകളിൽ ബ്രിട്ടനെ പ്രതിനിധീകരിക്കുന്ന ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് സേവീസ് പ്രത്യാശ പ്രകടിപ്പിച്ചു.

യൂണിയൻ വിട്ടു പുറത്തുപോകുന്ന ബ്രിട്ടൻ നൽകേണ്ട നഷ്ടപരിഹാരത്തുകയെക്കുറിച്ചുള്ളതാണു പ്രധാന തർക്കം. വൻതുക നഷ്ടപരിഹാരം നൽകേണ്ടിവരുന്ന ബ്രെക്സിറ്റ് ഡീലിനു ബ്രിട്ടൻ താൽപര്യം പ്രകടിപ്പിക്കുന്നില്ല. മികച്ച കരാറിൽ എത്താൻ കഴിയാതെ വന്നാൽ കരാർ ഇല്ലാതെതന്നെ ഏകപക്ഷീയമായി യൂണിയനിൽനിന്നും വിട്ടുപോരാനാണു ബ്രിട്ടന്റെ നീക്കം. ഇതിനു തയാറായിരിക്കാൻ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ കഴിഞ്ഞദിവസം മുന്നറിയിപ്പും നൽകിയിരുന്നു.

എന്നാൽ നഷ്ടപരിഹാരത്തുക സംബന്ധിച്ചു ധാരണയിലെത്തിയശേഷം മാത്രം ഇനി വ്യാപാര ഉടമ്പടി ഉൾപ്പെടെയുള്ള മറ്റുകാര്യങ്ങളിൽ ചർച്ച മതിയെന്നാണു യൂറോപ്യൻ യൂണിയന്റെ നിലപാട്.