അന്നത്തെ ‘ദോക്‌ ലാമും’ രാജീവ് ഗാന്ധിയും; ഓർമപ്പെടുത്തലുമായി ചൈന

1988ലെ ചൈന സന്ദര്‍ശനവേളയിൽ രാജീവ് ഗാന്ധി (ഫയൽ ചിത്രം)

ബെയ്ജിങ്∙ യുദ്ധത്തെത്തുടർന്ന് താറുമാറായ ഇന്ത്യ-ചൈന സൗഹൃദബന്ധം പുനഃസ്ഥാപിക്കുന്നതിലും വിജയകരമായി തുട‌ർന്നു പോകുന്നതിലും രാജീവ് ഗാന്ധിയുടെ ഇടപെടൽ ഏറെ സഹായകരമായിട്ടുണ്ടെന്നു ചൈനീസ് നയതന്ത്രജ്ഞൻ. പ്രധാനമന്ത്രിയായിരിക്കെ 1988ലെ രാജീവ് ഗാന്ധിയുടെ ചൈനാ സന്ദർശനം ഇരുരാജ്യങ്ങൾക്കിടയിലെ ‘മഞ്ഞുരുക്കുന്നതിൽ’ നിർണായക പങ്കു വഹിച്ചെന്നാണ് അന്ന് ഇന്ത്യയിലെ ചൈനീസ് എംബസിയിൽ കൗൺസിലറായിരുന്ന സെങ് ഷ്യോങ് വെളിപ്പെടുത്തിയത്.

34 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ചൈനയിൽ ആദ്യമായി നടത്തിയ സന്ദർശനവുമായിരുന്നു അത്. ‘സ്റ്റോറീസ് ഓഫ് ചൈന ആൻഡ് ഇന്ത്യ’ എന്ന പുസ്തകത്തിലാണു വെളിപ്പെടുത്തൽ. ഇന്ത്യയിൽ സേവനമനുഷ്ഠിച്ച ചൈനീസ് നയതന്ത്രജ്ഞരുടെ ഓർമക്കുറിപ്പുകളാണു പുസ്തകത്തിലുള്ളത്. പാക്കിസ്ഥാനിലും നേപ്പാളിലും ജോലി ചെയ്ത ചൈനീസ് ഉദ്യോസ്ഥരുടെ ഓര്‍മക്കുറിപ്പുകളും ചൈന പുറത്തിറക്കുന്നുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിനോടനുബന്ധിച്ചുള്ള പ്രദർശനത്തിൽ ഈ പുസ്തകങ്ങളിലെ പ്രസക്ത ഭാഗങ്ങൾ മാധ്യമ പ്രവർത്തകർക്കു മുന്നിലെത്തിക്കുകയും ചെയ്തു.

1962ലെ യുദ്ധത്തിൽ മുറിപ്പെട്ട ഇന്ത്യ–ചൈന ബന്ധത്തിൽ സംഘർഷം നിലനിൽക്കെ രാജീവ് ഗാന്ധി നടത്തിയ ചൈന സന്ദർശനം രാഷ്ട്രീയ നിരീക്ഷകരെ അദ്ഭുതപ്പെടുത്തിയിരുന്നു. ചൈനയിലെ പരമോന്നത നേതാവായ ഡെങ് ഷാവോപിങ് ഉൾപ്പെടെയുള്ള നേതാക്കളുമൊത്ത് രാജീവ് ഗാന്ധി കൂടിക്കാഴ്ചകളും നടത്തി.

പുത്തൻ തലമുറയുടെ നേതാവെന്നാണു രാജീവിനെ ലേഖനത്തിൽ സെങ് ഷ്യോങ് വിശേഷിപ്പിച്ചത്. പുത്തൻ സാമ്പത്തിക നയങ്ങൾ കൊണ്ടുവന്ന് ഇന്ത്യയെ പുരോഗതിയിലേക്കു നയിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ സാഹചര്യങ്ങൾ അനുകൂലമായിരുന്നില്ല. വർഷങ്ങളായി ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം നിലനില്‍ക്കുന്നു. 1987ൽ ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിലേക്കും ഇന്ത്യ വലിച്ചിഴയ്ക്കപ്പെട്ടു. എന്നാൽ ചൈനയുമായുള്ള കൂടിയാലോചനകൾക്ക് ഇതൊന്നും ഒരു തടസ്സമായിരുന്നില്ലെന്നും ഷ്യോങ് കുറിക്കുന്നു.

ഇന്ത്യ–ചൈന അതിർത്തിയിലെ ദോക് ലാമിൽ അടുത്തിടെ ഉണ്ടായതിനു സമാനമായി 1986ൽ അതിർത്തി പ്രദേശമായ സംദൊറോങ് ചുവിലും ഇരുരാജ്യങ്ങളിലെയും സൈനികർ നേർക്കുനേര്‍ വന്നിരുന്നു. ഇന്നേവരെയുണ്ടായതിൽ വച്ച് ഇരുപക്ഷവും തമ്മിലുള്ള ഏറ്റവും ദീർഘമായ ‘ശീതസമര’മായിരുന്നു അത്.

അരുണാചൽ പ്രദേശ് രൂപീകരിക്കുന്നതിനിടെ മേഖലയിലെ സൈനിക ശക്തി കൂട്ടുന്നതിന്റെ ഭാഗമായി ഇന്ത്യ ആസൂത്രണം ചെയ്തതാണിതെന്നും ഷ്യോങ് ആരോപിക്കുന്നു. തുടർന്ന് മേഖലയിലുണ്ടായ സംഘർഷം ഉഭയകക്ഷി ബന്ധത്തെയും ബാധിച്ചു. ഇത് രാജീവ് ഗാന്ധിയെയും അസ്വസ്ഥനാക്കി. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിൽ അടുത്ത പൊതുതിരഞ്ഞെടുപ്പിൽ പ്രതിപക്ഷം തനിക്കെതിരെ അതിർത്തിപ്രശ്നങ്ങൾ ആയുധമാക്കുമെന്ന പേടിയും രാജീവിനുണ്ടായിരുന്നു. തുടർന്നാണ് ഇന്ത്യയുടെ ‘ചൈനാ നയ’ത്തിൽ മാറ്റം വരുത്താന്‍ അദ്ദേഹം നിർബന്ധിതനായത്.

വൈകാതെ ഇന്ത്യയിലെ ചൈനീസ് അംബാസഡർ ലി ലിയാൻക്വിങ്ങിനുമായി കൂടിക്കാഴ്ചയ്ക്കും അനുമതി ചോദിച്ചു. 1987ലായിരുന്നു കൂടിക്കാഴ്ച. അതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചയ്ക്കു വഴി തെളിഞ്ഞത്. പിന്നാലെ രാജീവ് ഗാന്ധി ചൈനയില്‍ സന്ദർശനവും നടത്തി.

1988 ഡിസംബറിലെ ഈ കൂടിക്കാഴ്ചയിലാണ് അതിർത്തിയിൽ സമാധാനം ഉറപ്പുവരുത്താൻ ഇരുരാജ്യങ്ങളും ധാരണയിലെത്തുന്നത്. 1962ലെ ഇന്ത്യ–ചൈന യുദ്ധം ഒരു അപ്രിയ സംഭവമായി കണ്ടാൽ മതിയെന്നും ഇരുരാജ്യങ്ങളും ഇനി ഒരുമിച്ചു ഭാവിയിലേക്കാണു നോക്കേണ്ടതെന്നുമാണു ഡെങ് ഷാവോപിങ് രാജീവ് ഗാന്ധിയോടു പറഞ്ഞതെന്നും ഷ്യോങ് ഓർക്കുന്നു.

ദോക് ലാമിന് അധികം അകലെയല്ലാത്ത സംദൊറോങ് ചുവിലെ പട്രോളിങ് പോയിന്റ് മഞ്ഞുകാലത്ത് ഇന്ത്യ ഒഴിഞ്ഞിരുന്നു. ഈ സമയത്ത് ചൈനീസ് സൈന്യം പ്രദേശത്തേക്കു കടന്നുകയറിയതാണു സംഘർഷത്തിനു കാരണമായതെന്നായിരുന്നു ഇന്ത്യയുടെ വാദം. എന്നാൽ ആ വാദം തെറ്റാണെന്നു സമർഥിക്കാനാണു ഷ്യോങ്ങിന്റെ ഓർമക്കുറിപ്പിലൂടെ ചൈന ശ്രമിച്ചിരിക്കുന്നത്.

1989ൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടെങ്കിലും പിന്നീടു വന്ന സർക്കാരുകളെല്ലാം ഇന്ത്യ–ചൈന ബന്ധത്തെ കൂടുതൽ ക്രിയാത്മകമായാണു സമീപിച്ചതെന്നും ഷ്യോങ് നിരീക്ഷിക്കുന്നു.