Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുപ്രീംകോടതി പറഞ്ഞിട്ടും കേട്ടില്ല; ഫരീദാബാദിൽ ഗോസംരക്ഷകർ 5 പേരെ തല്ലിച്ചതച്ചു

cow vigilante ഗോസംരക്ഷകരുടെ മർദനമേറ്റ ആസാദ് ആശുപത്രിയിൽ. ചിത്രം: എഎൻഐ

ഫരിദാബാദ്∙ പശു സംരക്ഷണത്തിന്റെ പേരിലുള്ള എല്ലാ കൊലപാതകങ്ങളും അക്രമങ്ങളും അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്ന സുപ്രീംകോടതി നിർദേശത്തെ കാറ്റില്‍പ്പറത്തി പുതിയ സംഭവം. ഫരീദാബാദിൽ പശുവിറച്ചി കൊണ്ടു പോകുകയാണെന്നാരോപിച്ച് ഓട്ടോ ഡ്രൈവറെയും സുഹൃത്തുക്കളെയും ജനക്കൂട്ടം  തല്ലിച്ചതച്ചു. 

മാരകമായ പ്രഹരമേറ്റ് അബോധാവസ്ഥയിലായ ഡ്രൈവർ ആസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മർദനത്തിന്റെ വിഡിയോ ദൃശ്യം വൈറലായതിനെത്തുടർന്ന് അക്രമികൾക്കെതിരെ പൊലീസ് കേസെടുത്തു.

പശുക്കളെ കശാപ്പു ചെയ്യുന്നത് തടയാനുള്ള നിയമപ്രകാരം ഓട്ടോ ഡ്രൈവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പിടിച്ചെടുത്തത് പശുവിറച്ചിയാണോയെന്ന് പരിശോധിക്കാൻ ഫൊറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. പ്രാഥമിക പരിശോധനയിൽ പശുവിറച്ചി അല്ലെന്നു തെളിഞ്ഞിട്ടുണ്ട്. എന്നാൽ പശുവിറച്ചിയല്ലെന്ന് പലതവണ പറഞ്ഞിട്ടും കേൾക്കാതെ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ആസാദ് മാധ്യമങ്ങളോട് പറഞ്ഞു.

‘ജയ് ഗോമാതാ’ എന്നു പറയാന്‍ വിസമ്മതിച്ചതിനെത്തുടർന്നാണ് തനിക്കു നേരെ കൂടുതൽ ആക്രമണം അഴിച്ചുവിട്ടതെന്നും യുവാവ് പറഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗോസംരക്ഷണത്തിന്റെ പേരിൽ നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കരുതെന്നാണ് കഴിഞ്ഞമാസം കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നിർദേശം നൽകിയിരുന്നത്.

ഇറച്ചിയുമായി ഓൾഡ് ഫരീദാബാദിലേക്ക് നാല് സുഹൃത്തുക്കൾക്കൊപ്പം മടങ്ങുമ്പോൾ ബാജ്‌റി ഗ്രാമത്തിനു സമീപത്തു വച്ച് ഇരുപതോളം പേർ ഓട്ടോ തടയുകയായിരുന്നു. പശുവിറച്ചി കടത്തുകയാണെന്ന് ആരോപിച്ച് അഞ്ചു പേരെയും മർദിച്ചതായും പരാതിയിൽ പറയുന്നു. പിന്നീട് പൊലീസിനെ വിളിച്ചു വരുത്തി കൈമാറുകയും ചെയ്തു. പശുക്കടത്തുകാരെന്ന് ആരോപിച്ചായിരുന്നു പൊലീസിന് അസാദിനെയും കൂട്ടുകാരെയും കൈമാറിയത്.

തുടർന്നാണ് ഗോവധത്തിന്റെ പേരിൽ കേസ് റജിസ്റ്റർ ചെയ്തത്. എന്നാൽ പ്രാഥമിക പരിശോധനയിൽ പശുവിറച്ചിയല്ലെന്നു തെളിഞ്ഞു. തുടർന്നാണ് ആസാദിന്റെ പരാതിയിൽ നടപടി കർശനമാക്കിയത്. വിഡിയോയിൽ ഉൾപ്പെട്ട എല്ലാ അക്രമികളെയും പിടകൂടുമെന്നും പൊലീസ് അറിയിച്ചു. പശുവിനെ കശാപ്പ് ചെയ്യുന്നത് ഹരിയാനയിൽ നിയമം മൂലം നിരോധിച്ചിട്ടുണ്ട്.