പെരുമഴയത്ത് കായികമേള: ഇന്ത്യയ്ക്ക് ‘ഇരുമ്പു’ കിട്ടാത്തത് ഭാഗ്യമെന്നു മന്ത്രി മണി

തകര്‍ത്തു പെയ്യുന്ന മഴയിലും രാജാക്കാട് എന്‍ആര്‍ സിറ്റി എച്ച്എസ്എസ് ഗ്രൗണ്ടില്‍ നടക്കുന്ന ഇടുക്കി റവന്യു ജില്ലാ കായികമേള. ചിത്രം അരവിന്ദ് ബാല

എന്‍ആര്‍ സിറ്റി ∙ പെരുമഴയത്തും കായികമേള നടത്തിയ സംഘാടകരെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എം.എം. മണിയുടെ ‘കട്ടക്കലിപ്പ് പ്രസംഗം’. പെരുമഴ പെയ്യുമ്പോൾ ഇടുക്കി റവന്യു ജില്ലാ കായികമേള നടത്താനുള്ള അധികൃതരുടെ നീക്കമാണ് ഉദ്ഘാടകനായ മന്ത്രിയുടെ കടുത്ത വിമർശനം ക്ഷണിച്ചുവരുത്തിയത്. മഴ പെയ്തു പഴച്ചാറു പോലെയായ ഗ്രൗണ്ടില്‍ കുട്ടികള്‍ എങ്ങനെ ഓടാനാണെന്ന് ചോദിച്ച് മന്ത്രി നടത്തിയ വിമർശന വർഷത്തെ കായികപ്രേമികൾ കയ്യടികളോടെയാണ് സ്വീകരിച്ചത്.

തകര്‍ത്തു പെയ്യുന്ന മഴയിലും രാജാക്കാട് എന്‍ആര്‍ സിറ്റി എച്ച്എസ്എസ് ഗ്രൗണ്ടില്‍ നടക്കുന്ന ഇടുക്കി റവന്യു ജില്ലാ കായികമേള. ചിത്രം അരവിന്ദ് ബാല

മറ്റു രാജ്യങ്ങൾ കായികമേളകളിൽ സ്വർണം വാരിക്കൂട്ടുമ്പോൾ ഇന്ത്യ പുറകിലായിപ്പോകുന്നത് ഇതുകൊണ്ടാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വല്ലപ്പോഴും വെങ്കലമെന്തെങ്കിലും കിട്ടിയാലായി. ഇരുമ്പ് ഇല്ലാത്തതുകൊണ്ട് ഇരുമ്പു കിട്ടുന്നില്ലെന്നും മന്ത്രി പരിഹസിച്ചു. ഉദ്ഘാടന വേദിയില്‍ മൈക്ക് സ്റ്റാന്‍ഡ് ഇല്ലാത്തതിനെ ചോദ്യം ചെയ്തുകൊണ്ടാണു മന്ത്രി പ്രസംഗം തുടങ്ങിയതു തന്നെ.

ഓടുന്ന കുട്ടികളുടെ പുറകെ ചാക്കില്‍ മണലുമായി നടക്കുകയാണു ബാക്കിയുള്ളവരെന്നു മന്ത്രി ചൂണ്ടിക്കാട്ടി‍. ഇതില്‍പ്പരം മര്യാദകേടുണ്ടോ? കുട്ടികളുടെ ഓട്ടം കണ്ടപ്പോള്‍ സങ്കടം വന്നു. കായികതാരങ്ങളുടെ ബലപരീക്ഷണം നടത്തുന്ന രീതി ശരിയല്ല. കാലുവഴുതി വീഴാതെ ഓടാന്‍ നോക്കുന്നതിനിടയില്‍ കുട്ടികള്‍ക്കു നന്നായി മല്‍സരിക്കാന്‍ പറ്റുമോ? മന്ത്രി ചോദിച്ചു. മന്ത്രിയുടെ പ്രസംഗത്തിൽ ആവേശഭരിതരായ കാണികൾ കരഘോഷം മുഴക്കിയാണ് പിന്തുണ അറിയിച്ചത്.

തകര്‍ത്തു പെയ്യുന്ന മഴയിലും രാജാക്കാട് എന്‍ആര്‍ സിറ്റി എച്ച്എസ്എസ് ഗ്രൗണ്ടില്‍ നടക്കുന്ന ഇടുക്കി റവന്യു ജില്ലാ കായികമേള. ചിത്രം അരവിന്ദ് ബാല

ഇതുകൊണ്ടും തീർന്നില്ല മന്ത്രിയുടെ ‘കലിപ്പ്’. ഉദ്ഘാടന സമ്മേളനത്തിന്റെ നോട്ടിസില്‍ പേരുള്ളവരെ വേദിയില്‍ കാണാത്തതിനായിരുന്നു അടുത്ത വിമർശനം. നോട്ടിസിലുള്ള ആളുകളുടെയെല്ലാം പേരു വായിച്ച് നാക്ക് ഉളുക്കിപ്പോയി. എന്നിട്ട് അവരെയാരെയും ഇവിടെ കാണുന്നുമില്ല. വരുമെന്ന് ഉറപ്പുള്ള ആളുകളുടെ പേര് വച്ചാല്‍പ്പോരെ? രാഷ്ട്രീയക്കാരെല്ലാം വെറും വായ്നോക്കികളാണെന്നാണു ചില ഉദ്യോഗസ്ഥരുടെ വിചാരമെന്നും മന്ത്രി പറഞ്ഞു.

ക്യൂബയും ആഫ്രിക്കന്‍ രാജ്യങ്ങളും കായികമേളകളില്‍ സ്വര്‍ണം വാരിക്കൂട്ടുമ്പോള്‍ ഇന്ത്യ വളരെ പുറകിലാണ്. ആകെ കിട്ടുന്നതെന്നാ, വല്ലപ്പോഴും ഒരു വെങ്കലം. ഇരുമ്പ് ഇല്ലാത്തതുകൊണ്ട് ഇരുമ്പ് കിട്ടുന്നില്ല. ഇന്ത്യന്‍ കായികമേഖലയില്‍ മുഴുവന്‍ നിക്ഷിപ്ത താല്‍പര്യക്കാരാണ്. ക്രിക്കറ്റില്‍ നമുക്ക് ഒരു പയ്യന്‍ ഉണ്ടായിരുന്നു, അവന്‍ കുറച്ച് അഹങ്കാരിയാണെങ്കിലും കോടതി പറഞ്ഞിട്ടും മാന്യമായ സ്ഥാനം കൊടുത്തില്ല. നിക്ഷിപ്ത താല്‍പര്യക്കാരുടെ ഇടപെടല്‍ മൂലം പിന്തള്ളപ്പെട്ടു – എം.എം. മണി പറഞ്ഞു.

തകര്‍ത്തു പെയ്യുന്ന മഴയിലാണ് രാജാക്കാട് എന്‍ആര്‍ സിറ്റി എച്ച്എസ്എസ് ഗ്രൗണ്ടില്‍ ഇടുക്കി റവന്യു ജില്ലാ കായികമേള നടക്കുന്നത്. മന്ത്രി എം.എം മണിയുടെ മകളും രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റുമായ സതി കുഞ്ഞുമോനാണു സ്വാഗതസംഘം കണ്‍വീനര്‍.

തകര്‍ത്തു പെയ്യുന്ന മഴയിലും രാജാക്കാട് എന്‍ആര്‍ സിറ്റി എച്ച്എസ്എസ് ഗ്രൗണ്ടില്‍ നടക്കുന്ന ഇടുക്കി റവന്യു ജില്ലാ കായികമേള. ചിത്രം അരവിന്ദ് ബാല