ഗുർദാസ്പുരിൽ ബിജെപിയെ മലർത്തിയടിച്ച് കോൺഗ്രസ്; 1,93,219 വോട്ടിന്റെ ഭൂരിപക്ഷം

ഗുർദാസ്പുരിൽനിന്ന് ജയിച്ച സുനിൽ ഝാക്കർ.

ചണ്ഡിഗഢ് ∙ ആറു മാസം മുൻപു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെയെയും സഖ്യകക്ഷികളെയും കൈവിട്ട പഞ്ചാബ്, ലോക്സഭാ ഉപതിരഞ്ഞെടുപ്പിലും ബിജെപിക്ക് ബാലികേറാമലയായി. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്ന ഗുർദാസ്പുർ ലോക്സഭാ മണ്ഡലത്തിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി സുനിൽ ഝാക്കർ 1,93,219 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജയിച്ചുകയറി. ബിജെപി സ്ഥാനാർഥി സ്വരൺ സിങ് സലാരിയ, എഎപി സ്ഥാനാർഥി മേജർ ജനറൽ സുരേഷ് ഖജൂരിയ എന്നിവരെ വൻ വ്യത്യാസത്തിൽ പിന്തള്ളിയാണ് പഞ്ചാബിലെ കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ഝാക്കറിന്റെ വിജയം.

വോട്ട് നില ഇങ്ങനെ:

  • സുനിൽ ഝാക്ക (കോൺഗ്രസ്): 4,99,752
  • സ്വരൺ സിങ് സലാരിയ (ബിജെപി): 3,06,533
  • മേജർ ജനറൽ സുരേഷ് ഖജൂരിയ (എഎപി): 23579
  • ഭൂരിപക്ഷം: 1,93,219

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട ബിജെപിക്ക്, ഇപ്പോഴും ഇവിടെ നിലയുറപ്പിക്കാനായിട്ടില്ലെന്ന വ്യക്തമായ സൂചന നൽകുന്നതാണ് ഉപതിരഞ്ഞെടുപ്പു ഫലം. 2009ൽ നേടിയ അട്ടിമറി വിജയത്തിനുശേഷം ഇവിടെ കോൺഗ്രസ് ജയിച്ചുകയറുന്നത് നടാടെയാണ്. 2009ൽ പരാജയപ്പെട്ടെങ്കിലും വിനോദ് ഖന്ന ഗുരുദാസ്പുർ ലോക്സഭാ മണ്ഡലത്തിൽ നാലു തവണ വിജയിച്ചിരുന്നു.

ആദ്യ റൗണ്ടിൽത്തന്നെ 14,316 വോട്ടിന്റെ ലീഡു നേടി ആധിപത്യമുറപ്പിച്ചാണ് ഝാക്കറിന്റെ വിജയം. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ അടുത്ത അനുയായിയായി അറിയപ്പെടുന്ന ഝാക്കർ ബിജെപി–അകാലിദൾ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്നു. ലോക്സഭാ മുൻ സ്പീക്കർ ബൽറാം ഝാക്കറാണ് പിതാവ്.

ഈ മാസം 11നു നടന്ന വോട്ടെടുപ്പിൽ 56% പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2014ലെ തിരഞ്ഞെടുപ്പിൽ 70.03% രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ ദേരാ ബാബ നാനാക് വിധാൻ സഭ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് – 65%. ഏറ്റവും കുറവ് ബട്ടാല വിധാൻ സഭാ മണ്ഡലത്തിലും – 50%. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ വോട്ടുകളെക്കാളും കുറവായിരുന്നു ഇപ്പോൾ രേഖപ്പെടുത്തിയതും.

2014–ലെ ഫലം ഇങ്ങനെ:

  • വിനോദ് ഖന്ന (ബിജെപി): 4,82,255
  • പ്രതാപ് സിങ് ബാജ്വ (കോൺഗ്രസ്): 3,46,190
  • സച്ചാ സിങ് ഛോട്ടേപ്പുർ (എഎപി): 1,73,376
  • ഭൂരിപക്ഷം 1,36,065