പ്രതിരോധ രംഗത്തെ സ്വയംപര്യാപ്തതയ്ക്ക് ഇന്ത്യ ഒരുങ്ങുന്നു: സുഭാഷ് ഭാംറെ

സുഭാഷ് ഭാംറെ

ജബൽപുർ∙ സൈന്യത്തിന് ആയുധങ്ങളുടെ കുറവുണ്ടെന്ന വാർത്തകള്‍ തള്ളിക്കളഞ്ഞ് പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ. 2013ൽ അങ്ങനെയൊരു സാഹചര്യമുണ്ടായിരുന്നു. എന്നാൽ ഇപ്പോഴില്ലെന്നും മധ്യപ്രദേശിലെ ജബൽപുരിൽ ശനിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. പ്രതിരോധ രംഗത്ത് ഏറ്റവും കൂടുതൽ ഇറക്കുമതി നടത്തുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ ഇക്കാര്യത്തിൽ രാജ്യം സ്വയം പര്യാപ്തത നേടാൻ ഒരുങ്ങുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സൈന്യത്തിനാവശ്യമായ വെടിക്കോപ്പുകളിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിർമിക്കാനൊരുങ്ങുകയാണ്. 2019 മുതൽ വെടിക്കോപ്പുകൾ നിർമിച്ചുതുടങ്ങുമെന്നും ഭാംറെ അറിയിച്ചു. രാജ്യത്തെ സ്വയം പര്യാപ്തമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിയായ ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ ഭാഗമായാണ് ഈ നീക്കമെന്നും ശനിയാഴ്ച ജബൽപൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

തദ്ദേശീയമായി വികസിപ്പിക്കുന്ന ആയുധ സംവിധാനത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. വിദേശരാജ്യങ്ങളിൽനിന്നു സാങ്കേതികവിദ്യ കൈമാറ്റ നടപടികളിലും രാജ്യം ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇവയിലൂടെയും മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെയും രാജ്യത്തെ സ്വയം പര്യാപ്തമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഭാംറെ വ്യക്തമാക്കി.