ഗുരുദാസ്പുരിൽ പരാജയപ്പെടുമെന്ന് അറിയാമായിരുന്നു: ബിജെപി

കൈലാശ് വിജയ്‌വർഗിയ

ഇൻഡോർ∙ പഞ്ചാബിലെ ഗുരുദാസ്പുരിലെ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെടുമെന്ന് അറിയാമായിരുന്നുവെന്നു ബിജെപി ജനറൽ സെക്രട്ടറി കൈലാശ് വിജയ്‌വർഗിയ. തിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് ഞങ്ങൾ ഒരിക്കൽപ്പോലും അവകാശപ്പെട്ടിരുന്നില്ലെന്നും വിജയ്‌വർഗിയ വ്യക്തമാക്കി. ബോളിവുഡ് താരവും ബിജെപി നേതാവുമായിരുന്ന വിനോദ് ഖന്ന മൽസരിച്ച മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി സുനിൽ ഝാക്കർ 1.93 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണു ജയിച്ചത്. ഇതു സംബന്ധിച്ച ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു വിജയ്‌വർഗിയ.

പഞ്ചാബിൽ ഞങ്ങളുടെ പാർട്ടി സംവിധാനം ദുർബലമാണ്. മുൻ അകാലിദൾ – ബിജെപി സർക്കാരിനോടു ജനങ്ങൾക്കുള്ള അതൃപ്തി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതാണ് ഗുരുദാസ്പുരിലും പ്രതിഫലിച്ചത്. 1998, 1999, 2004, 2014 വർഷങ്ങളിൽ വിനോദ് ഖന്ന ഇവിടെനിന്നു ജയിച്ചിരുന്നു. മാത്രമല്ല, ബിജെപിയുടെ ഉറച്ച കോട്ടയെന്നാണ് ഗുരുദാസ്പുർ അറിയപ്പെട്ടിരുന്നത്.

അതേസമയം, ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം സുനിശ്ചിതമാണെന്നും വിജയ്‌വർഗിയ കൂട്ടിച്ചേർത്തു. 182ൽ 150ൽ അധികം സീറ്റുകൾ ഇത്തവണ ഗുജറാത്തിൽ നേടും. സംസ്ഥാനത്തെ കച്ചവടക്കാർ ജിഎസ്ടിയിൽ അതൃപ്തരാണെന്ന വാർത്ത തള്ളിയാണ് ബിജെപി നേതാവ് വിജയപ്രതീക്ഷ പങ്കുവച്ചത്.

തൃണമൂൽ കോൺഗ്രസ് നേതാവായിരുന്ന മുകുൾ റോയി ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്നും ചോദ്യത്തിനു മറുപടിയായി വിജയ്‌വർഗിയ പറഞ്ഞു. ബംഗാൾ ഘടകവുമായും താനുമായും അദ്ദേഹം സംസാരിച്ചു. തീരുമാനം ആകുന്നതേയുള്ളൂ.

കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി വരുന്നത് ബിജെപിയുടെ ഭാഗ്യമാണെന്നും പിന്നീടു രാജ്യം മുഴുവൻ ബിജെപിയുടെ ശക്തി വർധിക്കുമെന്നും വിജയ്‌വർഗിയ കൂട്ടിച്ചേർത്തു.