പ്രധാനമന്ത്രിയുടെ ഓഫിസ് കെട്ടിടത്തിൽ തീപിടിത്തം; നാശനഷ്ടമില്ലെന്ന് സൂചന

തീയണയ്ക്കുന്നതിനായി അഗ്നിശമന സേനാ യൂണിറ്റുകളെത്തിയപ്പോൾ. ചിത്രം: എഎൻഐ, ട്വിറ്റർ

ന്യൂഡൽ‌ഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ തീപിടിത്തം. സൗത്ത് ബ്ലോക്കിലെ കെട്ടിടത്തില്‍ പുലര്‍ച്ചെ 3.30 ഓടെയാണു തീപിടിത്തമുണ്ടായത്. സുരക്ഷാജീവനക്കാരാണ് രണ്ടാംനിലയിലെ 242–ാം മുറിയില്‍നിന്നു പുക ഉയരുന്നതു കണ്ടത്. അഗ്നിശമനസേനയുടെ പത്ത് യൂണിറ്റുകള്‍ ഇരുപത് മിനിറ്റ് നടത്തിയ ശ്രമത്തിനൊടുവില്‍ തീയണച്ചു. കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ലെന്നാണ് സൂചന.

പ്രധാനമന്ത്രിക്കു പുറമെ പ്രതിരോധമന്ത്രാലയം, വിദേശകാര്യമന്ത്രാലയം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ക്യാബിനറ്റ് സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി എന്നിവരുടെ ഓഫിസ് എന്നിവയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മുൻ‌പും ഇവിടെ തീപിടിത്തമുണ്ടായിട്ടുണ്ട്.