രാഹുലിനും കരുൺ നായർക്കും അർധ സെഞ്ചുറി; ആദ്യ സന്നാഹ മത്സരത്തിൽ ന്യൂസീലൻഡിനു തോൽവി

ഇന്ത്യ പ്രസിഡന്റ്സ് ഇലവനെതിരെ റോസ് ടെയ്‍ലറുടെ ബാറ്റിംഗ്

മുംബൈ∙ ടീം ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരമ്പരക്കെത്തിയ ന്യൂസീലൻഡിന് ആദ്യ സന്നാഹ മത്സരത്തിൽ തോൽവി. ഇന്ത്യൻ ബോർഡ് പ്രസിഡന്റ്സ് ഇലവന്‍ 30 റൺസിനാണു ന്യൂസീലൻഡിനെ തോൽപ്പിച്ചത്. ഓപ്പണർമാരായ പൃഥ്വി ഷാ, കെ.എൽ. രാഹുൽ, മലയാളി താരം കരുൺ നായർ എന്നിവരു‌ടെ അർധ സെഞ്ചുറികള്‍ പ്രസിഡന്റ്സ് ഇലവനു തുണയായി.

ടോസ് നേടിയ ന്യൂസീലൻഡ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിങ് കൂട്ടുകെട്ടിൽ ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തി. പൃഥ്വി ഷാ 66 റൺസും കെ.എൽ. രാഹുൽ 68 റൺസും എടുത്തു. കരുൺ നായർ 78 റൺസും എടുത്തു പുറത്തായി. എന്നാൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കു ശോഭിക്കാനായില്ല. 17 റൺസെ‌ടുത്ത അയ്യർ ട്രെന്റ് ബോൾട്ടിന്റെ പന്തിൽ കേൻ വില്യംസണു ക്യാച്ച് നൽകി പുറത്താവുകയായിരുന്നു.

296 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലൻഡ് നിരയിൽ ടോം ലതാം അർധ സെഞ്ചുറി നേടി. കൃത്യമായ ഇടവേളകളിൽ വിക്കറ്റു വീണതാണു കിവീസിനു തിരിച്ചടിയായത്. 265 റൺസ് എടുക്കുന്നതിനിടെ ന്യൂസീലൻഡ് നിരയിൽ എല്ലാവരും പുറത്തായി.

പ്രസിഡന്റ്സ് ഇലവനു വേണ്ടി ജയ്ദേവ് ഉനദ്ഘട്ട്, ഷഹബാസ് നദീം എന്നിവർ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ധവാൽ കുല്‍ക്കർണി, ഗുർകീരത് സിങ്, അവേശ് ഖാൻ, കെ.വി. ശർമ എന്നിവർ ഓരോ വിക്കറ്റും നേടി. 22നാണ് മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയ്ക്കു തുടക്കമാകുന്നത്.