രാഷ്ട്രപതി ഭവൻ അടിമത്തത്തിന്റെ പ്രതീകം, പൊളിക്കണം: അസം ഖാൻ

ന്യൂഡൽഹി∙ രാഷ്ട്രപതി ഭവൻ അടിമത്തത്തിന്റെ പ്രതീകമാണെന്നും തകർത്തുകളയണമെന്നും സമാജ്‍വാദി പാർ‌ട്ടി മുതിർന്ന നേതാവ് അസം ഖാൻ. ഇന്ത്യൻ സംസ്കാരത്തിനു മേലുള്ള കളങ്കമാണു താജ്മഹലെന്നും പണിതതു രാജ്യദ്രോഹികളാണെന്നും അതിനു ചരിത്രത്തിൽ ഇടംകൊടുക്കേണ്ടതില്ലെന്നും ബിജെപി എംഎൽഎ സംഗീത് സോം പറഞ്ഞതിനുള്ള പ്രതികരണമായാണു അസം ഖാന്റെ പ്രസ്താവന.

‘നമ്മെ മുൻപ് അടക്കി ഭരിച്ചിരുന്നവരുടെ എല്ലാ സ്മാരകങ്ങളും നശിപ്പിക്കേണ്ടതുണ്ട്. താജ് മഹല്‍, കുത്തബ് മിനാർ, ചെങ്കോട്ട, പാർലമെന്റ്, രാഷ്ട്രപതി ഭവൻ തുടങ്ങിയവയെല്ലാം അടിമത്തത്തിന്റെ പ്രതീകങ്ങളാണ്. ഇതുഞാൻ മുൻപും പറഞ്ഞിട്ടുണ്ട്’– മുൻ യുപി മന്ത്രി കൂടിയായ അസം ഖാൻ വ്യക്തമാക്കി. എന്നാൽ, അദ്ദേഹം ഗൗരവത്തിലാണോ പരിഹാസത്തോടെയാണോ ഇങ്ങനെ പറഞ്ഞതെന്നു വ്യക്തമല്ല.

യുപിയിലെ ബിജെപി സർക്കാരിന്റെ ഔദ്യോഗിക ടൂറിസം കൈപ്പുസ്തകത്തിൽനിന്നു താജ്മഹലിനെ ഒഴിവാക്കിയതിന്റെ വിവാദം കെട്ടടങ്ങുംമുൻപാണു പുതിയ അഭിപ്രായ പ്രകടനങ്ങൾ. താജ് മഹൽ െപാളിക്കാൻ യുപി സർക്കാർ തീരുമാനിച്ചാൽ പൂർണമായി പിന്തുണയ്ക്കുമെന്നു നേരത്തേ അസംഖാൻ പറഞ്ഞിരുന്നു.

വിവാദ പരാമർശങ്ങൾക്കു പേരുകേട്ടയാളാണ് ഖാൻ. ഇന്ത്യൻ സൈന്യത്തിനെതിരെ അപമാനകരമായ പരാമർശം നടത്തിയെന്നാരോപിച്ചു അസം ഖാനെതിരെ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്തിരുന്നു. ഹിന്ദുക്കളെ തുടച്ചുനീക്കാനായിരുന്നു ഷാജഹാന്റെ ശ്രമമെന്നും അത്തരം ആളുകൾക്ക് ഇടംകൊടുക്കുന്ന ചരിത്രത്തെ തിരുത്തി എഴുതണമെന്നുമാണു സംഗീത് സോം പറഞ്ഞത്.