മോദിയല്ലേ അധികാരത്തിൽ, അന്വേഷിച്ചു കണ്ടെത്തട്ടെ: വാധ്‌ര വിഷയത്തിൽ കോൺഗ്രസ്

ബെംഗളൂരു∙ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാധ്‌രയ്ക്കെതിരായ ആരോപണങ്ങളെ തള്ളി കോൺഗ്രസ്. 41 മാസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അധികാരത്തിൽ. ആരോപണങ്ങൾ അവർ അന്വേഷിച്ചു തെളിയിക്കട്ടെ. ഏത് ആരോപണവും അന്വേഷിക്കട്ടെ. ഇത്രയും നാളായി നിരന്തരമായി അവർ വാധ്‌രയെ വേട്ടയാടുകയാണ്. ഇക്കാലമത്രയും മോദിയാണ് അധികാരത്തിൽ എന്ന വസ്തുത മാത്രമേ വാധ്‌രയ്ക്കെതിരായ ഏത് ആരോപണങ്ങളിലും കോൺഗ്രസിനു പറയാനുള്ളതെന്നും പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാല അറിയിച്ചു.

ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിയുമായി വാധ്‌രയ്ക്ക് അടുപ്പമുണ്ടെന്ന ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹരിയാനയിലും രാജസ്ഥാനിലും വാധ്‌രയ്ക്കെതിരെ ആരോപണം ഉയർന്നിരുന്നു. ആ രണ്ടു സംസ്ഥാനങ്ങളും ഭരിക്കുന്നതു ബിജെപിയാണ്. ഏതു തരത്തിലും അവർക്ക് അന്വേഷിക്കാം. സുതാര്യമായ ഏതു അന്വേഷണത്തിലൂടെയും അവർ ആരോപണത്തിലെ കഴമ്പ് കണ്ടെത്തട്ടെ. പകരം അവർ ചെയ്യുന്നതു വാധ്‌രയെയും കോൺഗ്രസിനെയും നിരന്തരമായി വേട്ടയാടുകയാണ്. നിരവധി അന്വേഷണ കമ്മിഷനുകളെ വച്ചു. എന്നാൽ അവയ്ക്കൊന്നും വാധ്‌ര ഏതെങ്കിലും നിയമമോ നടപടിക്രമങ്ങളോ തെറ്റിച്ചതായി കണ്ടെത്താനായിട്ടില്ല. രണ്ടു സംസ്ഥാനങ്ങളിലും ഈ ആരോപണം ഉന്നയിച്ചാണ് അവർ അധികാരത്തിൽ വന്നത് – സുർജേവാല കൂട്ടിച്ചേർത്തു.

തത്വചിന്തയുമായി വാധ്‌ര

ആയുധ വ്യാപാരിയുമായി ബന്ധമുണ്ടെന്ന ആരോപണത്തിനു പിന്നാലെ സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലൂടെ വാധ്‌രയുടെ കുറിപ്പു പുറത്തുവന്നു. എന്നാൽ തത്വചിന്തയായിരുന്നു അതെന്നുമാത്രം.

‘ഗുഡ് മോർണിങ്, ഞാൻ കഴിവുള്ളവനാണ്, ഞാൻ ശക്തനാണ്. എന്റെ സ്വപ്നങ്ങൾ പദ്ധതികളായും പദ്ധതികൾ യാഥാർഥ്യങ്ങളായും മാറ്റാനാകുമെന്നു സ്വയം വിശ്വാസമുണ്ട്.’ കടൽത്തീരത്തുകൂടി കുതിരകൾ ഓടുന്ന ചിത്രത്തിനൊപ്പം വാധ്‌രയുടെ ചിത്രവും കുറിപ്പിലുണ്ട്.