ഹാർവി വെയ്ൻസ്റ്റീൻ ഇന്ത്യയിലുണ്ടോ? എവിടെയുമുണ്ടെന്ന് പ്രിയങ്ക

വാഷിങ്ടൻ∙ ഹോളിവുഡ് സിനിമാനിർമാതാവ് ഹാർവി വെയ്ൻസ്റ്റീന്‍റെ ലൈംഗികാതിക്രമ കഥകളോടുള്ള, പ്രിയങ്ക ചോപ്രയുടെ പ്രതികരണം സിനിമാലോകത്ത് പുതിയ ചർച്ചയാകുന്നു. ഒന്നല്ല, ഒരുപാട് ഹാർവി വെയ്ൻസ്റ്റീന്മാർ ബോളിവുഡിലും ഹോളിവുഡിലും ഉണ്ടെന്നായിരുന്നു പ്രിയങ്കയുടെ അഭിപ്രായം.

ഈമാസം ആദ്യമാണ് ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റീനും അദ്ദേഹവുമായി ബന്ധപ്പെട്ട ലൈംഗികചൂഷണ കഥകളും വാർത്തയാകാൻ തുടങ്ങിയത്. സിനിമയിൽ അവസരം നൽകുന്ന നായികമാരെയടക്കമുള്ള സ്ത്രീകളെ വെയ്ൻസ്റ്റീൻ ലൈംഗികമയി ചൂഷണം ചെയ്തിരുന്നു എന്നായിരുന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്.

വാർത്തയ്ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം ചർച്ച കൊഴുത്തു. ആഞ്ജലീന ജോളി, നടി ഐശ്യര്യ റായി തുടങ്ങിയവരെ വെയ്ന്‍സ്റ്റീന്‍ മോശം ഉദ്ദേശ്യത്തോടെ നോട്ടമിട്ടിരുന്നു എന്നായിരുന്നു വെളിപ്പെടുത്തൽ. ചെറുതുംവലുതുമായി പ്രതികരണം ധാരാളം നടക്കുമ്പോഴാണ് ഒരുപാട് മുഖങ്ങളിലേക്കു വിരൽചൂണ്ടിയുള്ള പ്രിയങ്ക ചോപ്രയും തുറന്നടിച്ചത്.

മെയര്‍ ക്ലെയര്‍ പവര്‍ ട്രിപ്പ് പരിപാടിക്കിടെയാണ് പ്രിയങ്കയുടെ അഭിപ്രായ പ്രകടനം. ഇന്ത്യയിലുമുണ്ടോ വെയൻസ്റ്റീൻ എന്നായിരുന്നു അവതാരകയുടെ ചോദ്യം. "ഒന്നല്ല, ഒരുപാട് ഹാർവി വെയ്ൻസ്റ്റീന്മാർ ബോളിവുഡിലും ഹോളിവുഡിലും ഉണ്ട്. സെക്സല്ല, അധികാരമാണു സിനിമാരംഗത്തെ പ്രശ്നം. ചില സൂപ്പർതാരങ്ങള്‍ കാരണമാണു സിനിമാരംഗത്തെ ചില സ്ത്രീകളുടെ സ്വപ്നം തകരുന്നത്. നിങ്ങൾ എന്തുവേഷം ധരിക്കണമെന്നതു പോലും മറ്റുള്ളവർ തീരുമാനിക്കപ്പെടുന്നത് അപകടമാണ്."– പ്രിയങ്ക പറഞ്ഞു. പുതിയ ഹോളിവുഡ്സിനിമ റിലീസ് ചെയ്യാനിരിക്കെയാണു പ്രിയങ്കയുടെ പ്രതികരണം.