രഹാനെ മികച്ച ഫോമിൽ, മധ്യനിരയിൽ കളിപ്പിക്കില്ല: വിരാട് കോഹ്‍ലി

മുംബൈ∙ ഇന്ത്യൻ ടീമിന്റെ മൂന്നാം ഓപ്പണര്‍ മികച്ച ഫോമിലുള്ള അജിൻക്യ രഹാനെയാണെന്നും താരത്തെ മധ്യനിരയിൽ കളിപ്പിക്കില്ലെന്നും ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി. ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് നിരയെക്കുറിച്ച് ചർച്ച ചെയ്യവെയാണു രഹാനെയുടെ ടീമിലെ സ്ഥാനത്തെക്കുറിച്ച് ക്യാപ്റ്റൻ മനസ്സ് തുറന്നത്.

ശിഖർ ധവാനും രോഹിത് ശർമയുമാണ് നിലവിലെ ഓപ്പണർമാർ. ധവാൻ ഇല്ലാതിരുന്നപ്പോൾ ആ സ്ഥാനത്ത് വന്നതു രഹാനെയാണ്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ രഹാനെ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്സ്മാനായി മികച്ച പ്രകടനമാണു കാഴ്ചവച്ചതെന്നുംകോഹ്‍ലി പറഞ്ഞു. ഓപ്പണിങ്ങിൽ കെ.എൽ.രാഹുലും മികച്ചു നിൽക്കുന്നു. രഹാനെയുമായി മത്സരിക്കുന്നതും രാഹുലാണ്. രഹാനെയെ മധ്യ നിരയിൽ കളിപ്പിക്കുന്നതിനോട് തനിക്കു താത്പര്യമില്ലെന്നും കോഹ്‍ലി പറഞ്ഞു. അത് രഹാനെക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നതിനു മാത്രമാണ് ഉപകരിക്കുക. കാരണം രഹാനെയുടെ തന്ത്രങ്ങളും താത്പര്യവും ടോപ്പ് ഓർഡര്‍ ബാറ്റ്സ്മാൻമാരുടെതാണ്. അതു മാറ്റുന്നതു ശരിയല്ല. അതുകൊണ്ടാണ് മധ്യനിരയിലേക്ക് രഹാനെയെ പരിഗണിക്കാത്തതെന്നും ക്യാപ്റ്റൻ പറഞ്ഞു.

കെഎൽ രാഹുലിനു പകരമായി ടീമിലെത്തിയതാണു ദിനേഷ് കാർത്തിക്. രാഹുൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നന്നായി കളിക്കുന്നുണ്ട്. മധ്യനിരയിൽ എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിനു നന്നായി അറിയാമെന്നതിനാലാണു ദിനേഷ് കാർ‌ത്തിക് ടീമിലെത്തിയതിന്റെ മറ്റൊരു കാരണം. സ്ഥിരതയുള്ള ഒരു ടീമിനെയാണ് ആവശ്യം. ആഭ്യന്തര ക്രിക്കറ്റിലും എ ടീമിനു വേണ്ടിയും മികച്ച പ്രകടനം നടത്തുന്നവരെ സീനിയർ ടീമിൽ ഉൾപ്പെടുത്തുമെന്നും കോഹ്‍ലി അറിയിച്ചു.

കുൽദീപ് യാദവ്, യുസ്‍വേന്ദ്ര ചാഹല്‍ എന്നിവർ ടീമിൽ തുടരുന്നതു പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്. അടുത്ത ലോകകപ്പ് ഘട്ടത്തിൽ എത്തുമ്പോഴേക്കും മികച്ച സ്പിൻ ബൗളർമാരെ വാർത്തെടുക്കേണ്ടതു അത്യാവശ്യമാണ്.‌ അശ്വിനും ജ‍ഡേജയും തുടർച്ചയായി വര്‍ഷങ്ങളോളം ടീമിനു വേണ്ടി കളിച്ചിട്ടുണ്ടെന്നും 2019ലെ ഇംഗ്ലണ്ട് ലോകകപ്പാണു മുന്നിലുള്ളതെന്നും കോഹ്‍ലി പറഞ്ഞു.