ഗുരുവായൂർ ക്ഷേത്രത്തിൽ അഹിന്ദുക്കളുടെ പ്രവേശനം സ്വാഗതാർഹം: സുരേഷ് ഗോപി

തൃശൂർ∙ ഗുരുവായൂർ ക്ഷേത്രത്തിൽ അഹിന്ദുക്കളായ വിശ്വാസികളെ പ്രവേശിപ്പിക്കുന്നത് സ്വാഗതാർഹമായ ചിന്തയെന്നു സുരേഷ് ഗോപി എംപി. യേശുദാസ് അടക്കമുള്ളവർ ക്ഷേത്രത്തിലെത്താൻ ആഗ്രഹിക്കുന്നു. ക്ഷേത്ര പ്രവേശനത്തിലൂടെ ആരുടെയും മതവികാരം ചോദ്യം ചെയ്യപ്പെടരുത്. ക്ഷേത്രത്തിലെത്താൻ ആഗ്രഹിക്കുന്ന വിശ്വാസികൾക്കു പ്രാർഥിക്കാനുള്ള അവസരം നിഷേധിക്കരുത്. ക്ഷേത്രത്തിന്റെ ശുദ്ധിയും ശക്തിയും നിലനിർത്തികൊണ്ടാകണം ക്ഷേത്ര പ്രവേശന നടപടികൾ. ഈ കാൽവയ്പ്പ് ആധുനികതയിൽ ഒരു ചുവടുവയ്പ്പ് ആകട്ടെയെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

കാലത്തിനനുസരിച്ചു മാറ്റമുണ്ടാകണമെന്നും അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശന കാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനമെടുത്താൽ തന്ത്രി കുടുംബം സഹകരിക്കുമെന്നും ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടു വ്യക്തമാക്കിയിരുന്നു. അതു സ്വാഗതം ചെയ്ത ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിര്‍ദേശം സർക്കാർ പരിഗണിക്കുമെന്നും അറിയിച്ചു. എന്നാൽ തന്ത്രി കുടുംബത്തിൽനിന്നുതന്നെ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ നിർദേശത്തോട് എതിർപ്പുണ്ട്.

പുറത്തുവന്നത് തന്ത്രി കുടുംബത്തിന്റെ അഭിപ്രായമല്ലെന്ന് ഇപ്പോഴത്തെ തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടും മറ്റു തന്ത്രിമാരായ ഹരി നമ്പൂതിരിപ്പാട്, സതീശൻ നമ്പൂതിരിപ്പാട്, ശ്രീകാന്ത് നമ്പൂതിരിപ്പാട് എന്നിവരും പറഞ്ഞു. ഗുരുവായൂരപ്പന്റെ ഭക്തർക്കു വലിയ ആശങ്കയുള്ളതുകൊണ്ടാണ് ഇതു പറയുന്നതെന്നും അവർ വ്യക്തമാക്കി. തന്ത്രി കുടുംബം ഇതുമായി സഹകരിക്കുമെന്നു ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടു പറഞ്ഞതിനെയും അവർ വിമർശിച്ചു. തന്ത്രി കുടുംബം ഇക്കാര്യത്തിൽ നിലപാടു പറഞ്ഞിട്ടില്ലെന്നും നാലു പേർ ഒപ്പിട്ട പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.