സ്വിസ് ദമ്പതികൾക്കെതിരായ ആക്രമണം: അറസ്റ്റിലായ 3 പേർ പ്രായപൂർത്തിയാകാത്തവർ

ആക്രമണത്തിൽ പരുക്കേറ്റ മാരി ഡ്രോസും ക്വെന്റിൻ ജെറമി ക്ലാർക്കും ആശുപത്രിയിൽ (വിഡിയോ ദൃശ്യം)

ന്യൂഡൽഹി∙ ആഗ്രയിൽ സ്വിറ്റ്സർലൻഡിൽനിന്നുള്ള സഞ്ചാരികളായ യുവാവും യുവതിയും ക്രൂരമായ ആക്രമണത്തിനിരയായ സംഭവത്തിൽ അറസ്റ്റിലായ അഞ്ചു പേരിൽ മൂന്നു പേർ‌ പ്രായപൂർത്തിയാകാത്തവരെന്നു പൊലീസ്. കൂട്ടത്തിൽ ഏറ്റവും മുതിർന്നയാൾക്ക് 20 വയസ്സാണുള്ളത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കർശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസിനു നിർദേശം നൽകിയിട്ടുണ്ട്. ലോക വിനോദസഞ്ചാര ഭൂപടത്തിൽ ഇന്ത്യയുടെ അഭിമാനസ്ഥലമായ ആഗ്രയിലുണ്ടായ ആക്രമണം യുപി സർക്കാരിനെ പ്രതിരോധത്തിലാക്കിയതോടെ, സംഭവത്തിൽ ഇടപെട്ടു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരുന്നു.

ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ക്വെന്റിൻ ജെറമി ക്ലാർക്ക് (24), കൂട്ടുകാരി മാരി ഡ്രോസ് (24) എന്നിവരെ വിദഗ്ധ ചികിൽസയ്ക്കായി ഡൽഹിയിൽ അപ്പോളോ ആശുപത്രിയിലേക്കു മാറ്റി. ക്ലാർക്കിന്റെ തലയോട്ടിക്കു പൊട്ടലുണ്ട്. തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും വടികൊണ്ടുള്ള ശക്തമായ അടിയേറ്റു കേൾവിശക്തിക്കു തകരാർ സംഭവിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. ഇടതുകൈ ഒടിഞ്ഞ മാരി ഇന്നലെ വൈകിട്ടോടെ ആശുപത്രി വിട്ടു.

ആക്രമണം

സെപ്റ്റംബർ 30ന് ആണ് ഇരുവരും ഇന്ത്യയിലെത്തിയത്. താജ് മഹൽ സന്ദർശിച്ചശേഷം കഴിഞ്ഞ ഞായ‌റാഴ്ച ഫത്തേപ്പുർ സിക്രിയിലെ റെയിൽവേ സ്റ്റേഷനു സമീപം നിൽക്കുകയായിരുന്ന ഇവരെ അഞ്ചു യുവാക്കൾ ശല്യപ്പെടുത്തി. ഒപ്പംനിന്നു സെൽഫിയെടുക്കണമെന്നു മാരിയോട് ആവശ്യപ്പെട്ട സംഘം പിന്നീട് ഇവരെ കടന്നുപിടിക്കാൻ ശ്രമിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും സംഘം പിന്തുടർന്ന് ആക്രമിച്ചു. നിലത്തുവീണപ്പോൾ വടിയും കല്ലും ഉപയോഗിച്ചു മർദിച്ചു.

‘അവർ പറയുന്നതു ഞങ്ങൾക്കു മനസ്സിലായില്ല. മാരിയെ വലിച്ചുകൊണ്ടുപോകാൻ ശ്രമിച്ചതു ഞാൻ എതിർത്തതാണ് ആക്രമണത്തിൽ കലാശിച്ചത് ’–ക്ലാർക്ക് പറഞ്ഞു. ആളുകൾ സംഭവം മൊബൈൽ ഫോണിൽ പകർത്തിയതല്ലാതെ സഹായത്തിനെത്തിയില്ല. യുപി–രാജസ്ഥാൻ അതിർത്തിയിൽനിന്നാണു പ്രതികൾ അറസ്റ്റിലായത്. അഞ്ചംഗ സംഘത്തിലെ മൂന്നു പേർ പ്രായപൂർത്തിയാകാത്തവരാണ്.

അപലപനീയം

വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് യുപി സർക്കാരിൽനിന്നു റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇരുവരെയും ആശുപത്രിയിൽ സന്ദർശിച്ചു വിശദാംശങ്ങൾ ശേഖരിക്കാൻ ഉദ്യോഗസ്ഥരോടു മന്ത്രി ആവശ്യപ്പെട്ടു. സംഭവം രാജ്യത്തിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്നും അക്രമികളെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഊർജിത നടപടി സ്വീകരിക്കണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെഴുതിയ കത്തിൽ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം ആവശ്യപ്പെട്ടു. വിദേശികൾക്കെതിരായ ആക്രമണം ഇന്ത്യക്കാർക്കു നാണക്കേടാണെന്നു സാംസ്കാരിക മന്ത്രി മഹേഷ് ശർമ പറഞ്ഞു. വിദേശ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇത്തരം സംഭവങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നും ബിജെപി വക്താവ് ശലഭ് മണി ത്രിപാഠി പ്രതികരിച്ചു. 

എവിടെയാണ് ഫത്തേപ്പുർ സിക്രി?

ഉത്തർപ്രദേശിൽ ആഗ്ര ജില്ലയ്ക്കു പടിഞ്ഞാറ് മുഗൾകാല രാജകീയ പ്രൗഢി പേറുന്ന ചെറുപട്ടണം. പതിനാറാം നൂറ്റാണ്ടിൽ അക്‌ബർ ചക്രവർത്തി നിർമിച്ചു. 1571 മുതൽ 1585 വരെ മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനം. ബുലന്ദ് ദർവാസ, ജുമാ മസ്ജിദ്, പഞ്ച് മഹൽ, സലിം ചിസ്തിയുടെ ശവകുടീരം എന്നിവയുൾപ്പെടെ മുഗൾ ശിൽപചാരുതയുടെ നേർക്കാഴ്ചയൊരുക്കുന്ന നിർമിതികൾ ഇവിടെ കാണാം. ആഗ്രയിൽനിന്നുള്ള ദൂരം 39 കിലോമീറ്റർ.