ജെറ്റ് എയർവേസിൽ ഭീഷണിക്കത്ത്: സല്ലാ ബിർജുവിനെ ‘ഹൈജാക്കിങ്ങിന്’ അറസ്റ്റ് ചെയ്തു

Representational Image

അഹമ്മദാബാദ്∙ ജെറ്റ് എയർവേസിന്റെ മുംബൈ – ഡൽഹി വിമാനത്തിനുള്ളിൽ ഭീഷണിക്കത്തു വച്ച സല്ലാ ബിർജുവിനെ ആന്റിഹൈജാക്കിങ് നിയമത്തിനുകീഴിൽ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. വിമാനത്തിലെ ശുചിമുറിക്കുള്ളിലാണ് ഇയാൾ ഭീഷണിക്കത്ത് വച്ചത്. ജെറ്റ് എയർവേയ്സിലെ ജീവനക്കാരിയുമായി പ്രണയത്തിലായിരുന്നു ഇയാൾ. എന്നാൽ ഭീഷണിക്കത്ത് എഴുതിവച്ചത് എന്തിനാണെന്ന് വ്യക്തമല്ല. ജൂലൈയിൽ ഭക്ഷണത്തിൽനിന്ന് പാറ്റയെ കിട്ടിയെന്നു പറഞ്ഞും ഇയാൾ പ്രശ്നമുണ്ടാക്കിയിരുന്നു.

മുംബൈയിൽനിന്നു തിങ്കളാഴ്ച പുലർച്ചെ 2.55നു പറന്നുയർന്ന വിമാനത്തിൽനിന്നാണു ഭീഷണിക്കത്ത് ലഭിച്ചത്. വിമാനം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും ലഗേജ് അറയിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു. വിമാനം നേരെ പാക്ക് അധിനിവേശ കശ്മീരിലേക്കു അയയ്ക്കണം. 12 ഹൈജാക്കർമാരാണ് വിമാനത്തിലുള്ളത്. ലാൻഡ് ചെയ്യാൻ ശ്രമിച്ചാൽ യാത്രക്കാർ കൊല്ലപ്പെടുന്നതിന്റെ ശബ്ദം നിങ്ങൾക്കു കേൾക്കാം. ഇതൊരു തമാശയായി എടുക്കരുത്. കാർഗോ ഏരിയയിൽ സ്ഫോടക വസ്തുക്കളുണ്ട്. നിങ്ങൾ ഡൽഹിയിൽ ഇറങ്ങിയാൽ വിമാനം പൊട്ടിത്തെറിക്കുമെന്നും കത്തിൽ പറഞ്ഞിരുന്നു. ഉർദു, ഇംഗ്ലീഷ് ഭാഷകളിലായിരുന്നു കത്ത്.

ഉടൻതന്നെ പൈലറ്റുമാർ വിവരം അധികൃതരെ അറിയിക്കുകയും വിമാനം അഹമ്മദാബാദിൽ ഇറക്കുകയും ചെയ്തിരുന്നു. വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നുംതന്നെ കണ്ടെത്താനായില്ല.