ഐഎഎസ് കോപ്പിയടി: ഐപിഎസ് ഉദ്യോഗസ്ഥനും ഭാര്യയും അറസ്റ്റിൽ

ചെന്നൈ∙ ഐഎഎസ് നേടാനായി സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്കു കോപ്പിയടിച്ച മലയാളി ഐപിഎസ് ഉദ്യോഗസ്ഥനും സഹായിച്ച ഭാര്യയും അറസ്റ്റിൽ. തിരുനെല്‍വേലി നങ്കുനേരിയിലെ എഎസ്പിയും എറണാകുളം നെടുമ്പാശേരി കുന്നുകര സ്വദേശിയുമായ സഫീര്‍ കരീം, ഭാര്യ കാഞ്ഞിരപ്പള്ളി സ്വദേശി ജോയ്സി ജോയി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചെന്നൈ പൊലീസ് ചോദ്യം ചെയ്യുകയാണ്.

പരീക്ഷാഹാളിനു പുറത്തുനിന്ന ഭാര്യ, ഫോണിൽ ബ്ലൂ ടൂത്ത് വഴി ഉത്തരങ്ങള്‍ പറഞ്ഞു കൊടുക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. എഗ്‍മോറിലെ സ്കൂളിലായിരുന്നു പരീക്ഷ. സഫീറിനെതിരെ വഞ്ചനാക്കുറ്റം അടക്കമുള്ളവയാണു ചുമത്തിയിട്ടുള്ളത്. സമാന കുറ്റങ്ങൾ ജോയ്സിനെതിരെയും ചുമത്തുമെന്നാണ് അറിയുന്നത്.

സഫീർ കരീം 112–ാം റാങ്ക് നേടിയാണ് ഐപിഎസിലെത്തിയത്. തിരുവനന്തപുരത്തും കൊച്ചിയിലും കരീംസ് ഐഎഎസ് സ്റ്റഡി സെന്റർ എന്നപേരില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രവും നടത്തിയിരുന്നു. കോപ്പിയടി നടത്തുന്നുണ്ടെന്ന സംശയത്തെത്തുടർന്ന് ഇയാൾ പ്രത്യേക നിരീക്ഷണത്തിലായിരുന്നു. പ്രൊബേഷനിലുള്ള സഫീറിനെ, കുറ്റം തെളിഞ്ഞാൽ ഐപിഎസിൽനിന്നു പുറത്താക്കിയേക്കും.