പൊലീസുകാരുടെ ഭക്ഷണപ്രിയത്തെയും വ്യായാമക്കുറവിനെയും കളിയാക്കി ഡിജിപി

തിരുവനന്തപുരം ∙ പൊലീസുകാരുടെ ഭക്ഷണപ്രിയത്തെയും വ്യായാമം ചെയ്യാനുള്ള മടിയെയും കളിയാക്കി ഡിജിപി ലോക്നാഥ് ബെഹ്റ. വ്യായാമം ചെയ്യാൻ പറഞ്ഞുവിട്ടാൽ പോയി അഞ്ചെട്ട് ഇഡലി വാങ്ങിക്കഴിക്കും. കിട്ടുമ്പോഴൊക്കെ പൊറോട്ടയും രണ്ടും മൂന്നും പ്ലേറ്റ് ബീഫും കഴിക്കും. പിന്നെ പറഞ്ഞിട്ടെന്തു കാര്യം. റൂറൽ ജില്ലാ പൊലീസ് അസോസിയേഷന്റെ ആരോഗ്യസംരക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണു ഡിജിപിയുടെ അഭിപ്രായപ്രകടനം.

‘പഴയൊരു കണക്കനുസരിച്ചു കേരള പൊലീസിലെ 29 ശതമാനവും പ്രമേഹരോഗികളാണ്. അമിതഭക്ഷണവും വ്യായാമരഹിത ജീവിതവുമാണ് ഇതിനു കാരണം. വ്യായാമം ചെയ്യണമെന്നു പൊലീസുകാർക്കു നിർദേശമുള്ളതാണ്. എന്നാൽ, ആരും ചെയ്യാറില്ല. പിന്നെയും കുറച്ചെങ്കിലും വ്യായാമം ചെയ്യുന്നതു വനിതാ പൊലീസുകാരാണ്. പുരുഷന്മാർ ആ സമയത്തു ഭക്ഷണം കഴിക്കും’ – ബെഹ്റ പറഞ്ഞു. അമിതഭക്ഷണം തടയാൻ പ്രത്യേക നിർദേശവും തമാശരൂപേണ ഡിജിപി നൽകി. എല്ലാ പൊലീസ് സ്റ്റേഷനിലും ഒരു ഡയറ്റ് ചാർട്ട് തയാറാക്കുക. പഴംപൊരി കഴിക്കരുത്, ഉഴുന്നുവട ഒരെണ്ണത്തിന്റെ പകുതി മാത്രം കഴിക്കാം.. എന്നിങ്ങനെ എഴുതി തയാറാക്കണമെന്നാണ് ഉപദേശം.

വ്യായാമം ചെയ്യാത്തതിന്റെ കാരണം സമയമില്ലായ്മയാണങ്കിൽ അതിനും ഡിജിപിക്കു പരിഹാരമുണ്ട്. ‘രാവിലെ ഏഴിനും എട്ടിനും ഇടയിലുള്ള ഡ്യൂട്ടി ഒന്നും ചെയ്യേണ്ട. പകരം നടത്തമോ യോഗയോ ഇഷ്ടമുള്ള മറ്റു വ്യായാമങ്ങളോ ചെയ്തിട്ട് ഓഫിസിൽ വന്നാൽ മതി.’