വാഹന നികുതി വെട്ടിപ്പ‌ിൽ ഫഹദ് ഫാസില‌ിന്റെ കാറും; പരിശോധന ശക്തമാക്കി

കൊച്ചി ∙ വാഹനങ്ങൾ പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്ത് ഉടമകൾ നികുതി വെട്ടിപ്പു നടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നു പരിശോധന ശക്തമാക്കി. തൃപ്പൂണിത്തുറയിലെ സ്വകാര്യ പാർപ്പിട സമുച്ചയത്തിൽ നടത്തിയ പരിശോധനയിൽ പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്ത 10 വാഹനങ്ങളുടെ ഉടമകൾക്കു മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ നോട്ട‌ിസ് നൽകി. നടൻ ഫഹദ് ഫാസിൽ ഉപയോഗിക്കുന്ന വാഹനവും ഇക്കൂട്ടത്തിലുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ചില കാറുകളുടെ നമ്പർ പ്ലേറ്റുകൾ ഇളക്കി മാറ്റിയ നിലയിലായിരുന്നു. മൂന്നു കോടി രൂപ വരെ വില വരുന്ന ആഡംബര കാറുകളാണു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഉടമകൾ സ്ഥലത്തില്ലെന്ന മറുപടിയാണു ലഭിച്ചത്. രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടുള്ള നോട്ടിസ് ഉടമകൾക്കു കൈമാറാൻ അയൽവാസികളെ ചുമതലപ്പെടുത്തി.

പത്തു ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കാനാണ് ഉദ്യോഗസ്ഥർക്കു ലഭിച്ച നിർദേശം. ആഡംബര കാറുകൾ പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്തു നികുതിവെട്ടിപ്പു നടത്താൻ സൗകര്യം ഒരുക്കുന്ന റാക്കറ്റ് കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മോട്ടോർ വാഹന ഇൻസ്പെക്ടർ സെയ്ഫി ലാൽ, അസി. മോട്ടോർ വാഹന ഇൻസ്പെക്ടർ ജഗൻലാൽ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന പരിശോധന അടുത്ത ദിവസങ്ങളിലും തുടരും.